Site icon onlinekeralanews.com

‘ആരോഗ്യമേഖലയെ കരകയറ്റാൻ സ്വകാര്യ നിക്ഷേപം വേണ്ടിവരും, സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി വളരെ മോശം’

കോഴിക്കോട്: കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി വളരെ മോശമാണെന്നും ആരോഗ്യമേഖലയുടെ പുരോഗതിക്കായി സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. സർക്കാരിന്റെ യഥാർത്ഥ സാമ്പത്തികസ്ഥിതി പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരോഗ്യവകുപ്പിലെ പരാതി പരിഹാരങ്ങൾക്കായുള്ള അദാലത്തുകൾ ഈ മാസം ഒമ്പതിന് കോഴിക്കോട് ജില്ലയിൽ ആരംഭിക്കും. കായകൽപ്പ എന്നാണ് അദാലത്തുകൾക്ക് പേരിട്ടിരിക്കുന്നത്. ജരാനരകൾ ബാധിച്ച ഭരണസംവിധാനത്തെ യൗവനത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യം. ആരോഗ്യവകുപ്പിൽ മാത്രമല്ല, സർക്കാരിന്റെ എല്ലാ വകുപ്പുകൾക്കും ഇത്തരമൊരു കായകൽപ്പം അനിവാര്യമാണ്.

സംസ്ഥാനത്തെ വിവിധ ദേവസ്വം ബോർഡുകളെ ഏകോപിപ്പിച്ചുകൊണ്ട് ഒരൊറ്റ ഏകീകൃത ദേവസ്വം ബോർഡ് രൂപീകരിക്കണമെന്ന ആവശ്യം ഏറെനാളായി നിലനിൽക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ വിവാദപരമായ യാതൊരു തീരുമാനവും എടുക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വിവിധ ഹൈന്ദവ സംഘടനകളുമായി കൃത്യമായ ചർച്ചകൾ നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ പൊതുപരിപാടികളും വലിയ ആഘോഷങ്ങളും വരുമ്പോൾ എല്ലാ ബോർഡുകളെയും ഒന്നിച്ച് നിർത്തി ഏകോപനത്തോടെ മുന്നോട്ട് കൊണ്ടുപോകും ‘ – കെ മുരളീധരൻ പറഞ്ഞു.

വിവാദമായ ബന്ധുനിയമനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവാദത്തിൽ പറയുന്ന വ്യക്തി സണ്ണി ജോസഫിന്റെ ബന്ധുവാണെങ്കിലും ദീർഘകാലത്തെ രാഷ്‌ട്രീയ പാരമ്പര്യമുള്ള ആളാണ്. കഴിഞ്ഞ മന്ത്രിസഭയിൽ മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ ഇവിടെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോയെന്നും മുരളീധരൻ ചോദിച്ചു.


Source link
NEWS
Exit mobile version