Site icon onlinekeralanews.com

രാജ്യത്തെ ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ കാർ, 85% എഥനോളിൽ ഓടുന്ന വാഗൺ ആർ പുറത്തിറക്കി മാരുതി സുസുക്കി


ഇന്ത്യന്‍ വാഹന വിപണിയിലെ ഫ്‌ളക്‌സ് ഫ്യുവല്‍ വിപ്ലവത്തിന് വേഗം കൂട്ടിക്കൊണ്ട് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഫ്‌ളക്‌സ് ഫ്യുവല്‍ പുറത്തിറക്കി. 85 ശതമാനം വരെ എഥനോളും 15 ശതമാനം പെട്രോളും ചേര്‍ന്ന ഇ85 ഇന്ധനത്തില്‍ ഓടിക്കാന്‍ സാധിക്കുന്നതാണ് വാഗണ്‍ ആറിന്റെ ഈ പുതിയ പതിപ്പ്. ഇന്ധന ഇറക്കുമതി ചിലവ് കുറക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമായി എഥനോള്‍ മിശ്രിത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ വ്യാപകമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് മാരുതി സുസുക്കിയുടെ ഫ്‌ളക്‌സ് ഫ്യുവല്‍ വാഗണ്‍ ആര്‍. ആദ്യ ഫ്‌ളക്‌സ് ഫ്യുവല്‍ കാര്‍ ഇന്ത്യയിലെ ആദ്യത്തെ ഫ്‌ളക്‌സ് ഫ്യുവല്‍ കാര്‍ എന്ന പേരുമായാണ് മാരുതി സുസുക്കി വാഗണ്‍ ആര്‍ ഫ്‌ളക്‌സ് ഫ്യുവലിന്റെ വരവ്. പല വാഹന നിര്‍മാതാക്കളും ഫ്‌ളക്‌സ് ഫ്യുവല്‍ പരീക്ഷണ മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇ85 ഇന്ധനം ഉപയോഗിക്കാവുന്ന ഫ്‌ളക്‌സ് ഫ്യുവല്‍ കാര്‍ വിപണിയിലെത്തുന്നത്. സാധാരണ പെട്രോള്‍ മുതല്‍ 85 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ വരെ ഈ വാഗണ്‍ ആറില്‍ ഉപയോഗിക്കാനാവും. ഉയര്‍ന്ന അളവിലുള്ള എഥനോള്‍ മിശ്രിതം കാര്യക്ഷമമായി കത്തുന്നതിന് വാഹനത്തിന്റെ എന്‍ജിന്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ മാരുതി സുസുക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. എഥനോളിന്റെ സാന്നിധ്യം പ്രശ്‌നങ്ങള്‍ വരുത്താതിരിക്കാനായി ഇന്ധന വിതരണ സംവിധാനത്തിലും മാറ്റങ്ങള്‍ വരുത്തി. ഇന്ധനത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്‍ജിന്റെ പ്രകടനത്തേയോ വിശ്വാസ്യതയേയോ ബാധിക്കില്ലെന്ന് ഉറപ്പിക്കാന്‍ പ്രത്യേകം വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. എഥനോള്‍ കലര്‍ത്തല്‍ പദ്ധതിപെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്ന പദ്ധതിയില്‍ ഇതിനകം തന്നെ രാജ്യം വലിയ തോതില്‍ മുന്നേറിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഈ പദ്ധതി കൂടുതല്‍ വ്യാപകമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലഭിക്കുന്ന മുറക്ക് വിവിധ അളവുകളിലുള്ള എഥനോള്‍-പെട്രോള്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമാണ് ഫ്‌ളക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകളും ഉയരുന്ന എണ്ണ വിലയും വലിയ തോതിലുള്ള ഇറക്കുമതി ചിലവുമാണ് എഥനോള്‍-പെട്രോള്‍ മിശ്രിതം ഇന്ധനമായി ഉപയോഗിക്കാനുള്ള ആശയത്തിന് പ്രേരണയായത്. രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചിലവ് കുറക്കുന്നതിനൊപ്പം ഈ ഹരിത ഇന്ധനം ദീര്‍ഘകാല ഊര്‍ജ്ജ സുരക്ഷക്കും പരിസ്ഥിതി സംരക്ഷണത്തിനും ഗുണമാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. കരിമ്പ്, ചോളം തുടങ്ങിയ കാര്‍ഷിക വിളകളില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കര്‍ഷകര്‍ക്കും സാമ്പത്തികനേട്ടത്തിന് സഹായകരമാവുമെന്ന പ്രതീക്ഷയുമുണ്ട്.


Source link
Exit mobile version