കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് 1 കോടിയുടെ തട്ടിപ്പ്; സംഭവം ഇങ്ങനെ

കുമ്പനാട് ∙ രാജ്യത്തെ മികച്ച സംരംഭങ്ങളെക്കുറിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്. കുമ്പനാട്ടിലെ രണ്ടു സംഭവങ്ങളിലായി മാത്രം 1.02 കോടി രൂപ നഷ്ടമായി. നിർമല സീതാരാമൻ പരാമർശിച്ച ചില സംരംഭങ്ങളിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി മടക്കിക്കിട്ടുമെന്നു സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇതു കണ്ടു ലിങ്കിൽ ക്ലിക് ചെയ്തവരാണു തട്ടിപ്പിന് ഇരയായത്. വിഡിയോയുടെ ആധികാരികത സംബന്ധിച്ചു പൊലീസ് സംശയം പ്രകടിപ്പിച്ചു.സംസാരിക്കുന്നത് ഇംഗ്ലിഷും ഹിന്ദിയും മികച്ച സംരംഭങ്ങളെ കേന്ദ്രമന്ത്രിമാർ നിർദേശിക്കുന്ന വിഡിയോകളാണു തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്. ഇവയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്നും പണം നിക്ഷേപിക്കാനുള്ള ലിങ്കും ഒപ്പം നൽകും. ഇതു കണ്ടു ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ അക്കൗണ്ട് ആരംഭിച്ചു പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. പണം നിക്ഷേപിച്ചു കഴിയുന്നതോടെ, ഇതിന്റെ സ്രോതസ്സിനെക്കുറിച്ച് ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുന്നെന്നും ഇതൊഴിവാക്കാൻ കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടും. ഈ വിവരം വീട്ടിലുള്ളവരോ ബാങ്കുകാരോ പൊലീസുകാരോ അറിയാൻ പാടില്ലെന്നു കർശനമായി വിലക്കുകയും ചെയ്തു. വൻതുകയുടെ ഇടപാട് നടക്കുമ്പോൾ ബാങ്ക് ജീവനക്കാർക്കു സംശയം തോന്നുമെന്നതിനാൽ അതിനുള്ള പോംവഴിയും തട്ടിപ്പുകാർ നിർദേശിച്ചിരുന്നു. ആശുപത്രിയിൽ ശസ്ത്രക്രിയ ആവശ്യത്തിനാണെന്നോ വീട് നിർമാണത്തിനാണെന്നോ പറയാനാണ് ഇരകളോടു നിർദേശിച്ചിരുന്നത്. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണു തട്ടിപ്പുകാരിൽ കൂടുതലും. ഇംഗ്ലിഷും ഹിന്ദിയുമാണു സംസാരിക്കുന്നത്. അതിനാൽ തന്നെ ഈ ഭാഷകൾ മനസ്സിലാകുന്നവരാണു തട്ടിപ്പിന് ഇരയാകുന്നത്.ഇതുപ്രകാരം ഫെഡറൽ ബാങ്കിന്റെ കുമ്പനാട് ശാഖയിലെത്തി ഇടപാടിനുള്ള നടപടിക്രമങ്ങൾക്കിടെ ബാങ്ക് അക്കൗണ്ട് രാജസ്ഥാനിലേതാണെന്നു ബാങ്ക് സീനിയർ മാനേജർ ജയ്മേരി എം.വർഗീസ് കണ്ടെത്തി. ഒരു അക്കൗണ്ട് ശ്രീബജ്റങ് ഡിജിറ്റൽ സ്റ്റുഡിയോ ആൻഡ് മൊബൈൽ ഷോപ്പിന്റേതാണ്. രണ്ടാമത്തേത് അവിടത്തെ എവി സ്മോൾ ഫിനാൻസ് ബാങ്കിന്റേതും. ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ കുമ്പനാട് സ്വദേശികൾ പറഞ്ഞതു പോലെ രോഗമില്ലെന്നും വ്യക്തമായി. ഇതോടെ കോയിപ്രം സ്റ്റേഷനിൽ എസ്ഐ ആർ.രാജീവിനെയും സൈബർ സ്റ്റേഷൻ എസ്ഐ ആർ.നിതിനെയും വിവരം അറിയിക്കുകയായിരുന്നു. രണ്ടു സംഭവങ്ങളിലും പത്തനംതിട്ട സൈബർ സ്റ്റേഷനിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Source link
