വിരുന്നുകൾ മറയാക്കി 700 കോടിയുടെ തട്ടിപ്പ്; രാജൻ മാലിക്കിന്റെ ‘ക്ലാസിഫൈഡ് മിഷൻ’ പ്രചാരണം വ്യാജമെന്ന് നാവിക സേന

കൊച്ചി ∙ യുഎസ് പ്രതിരോധ വകുപ്പിന്റെ ആയുധനിർമാണ കരാർ ലഭിച്ചെന്നു നിക്ഷേപകരെ വിശ്വസിപ്പിച്ചു 700 കോടി രൂപ തട്ടിയെടുത്ത വിപിവിവി കമ്പനി ഇന്ത്യയിലെ പ്രതിരോധ സ്ഥാപനങ്ങളുടെ പേരും തട്ടിപ്പിനുപയോഗിച്ചു. കമ്പനിയുടെ പ്രതിനിധി രാജൻ മാലിക് ഇന്ത്യൻ നാവിക സേനയുടെ ‘ക്ലാസിഫൈഡ് സെൻസിറ്റീവ് മിഷൻ’ വിജയകരമായി പൂർത്തിയാക്കിയെന്ന പ്രചാരണം വ്യാജമാണെന്ന് നാവിക സേന സ്ഥിരീകരിച്ചു.മുങ്ങിക്കപ്പലിൽ 15 ദിവസത്തെ പരിശീലനം രാജൻ മാലിക്ക് പൂർത്തിയാക്കിയെന്നായിരുന്നു പ്രചാരണം. കമ്പനി ചെയർമാൻ വെങ്കിട്ട വെങ്കിടിനു സഞ്ചരിക്കാൻ അമേരിക്കൻ പ്രതിരോധ വകുപ്പ് പ്രത്യേക വിമാനം അനുവദിച്ചതായും പ്രചരിപ്പിച്ചു. എഐ ചിത്രങ്ങളാണ് ഇതിനായി ദുരുപയോഗിച്ചത്. ഇവരെ ആദരിക്കുന്നതിനെന്ന പേരിൽ സംഘടിപ്പിച്ച വിരുന്നുകൾ നിക്ഷേപം ആകർഷിക്കാനുള്ള മറയായി.
Source link
