ശബരിമലയിൽ ഇരുമുടിക്കെട്ടിലെ നെയ്യ് കുറഞ്ഞുതന്നെ; അരവണയ്ക്ക് വീണ്ടും നെയ്യ് പുറത്തുനിന്ന് വാങ്ങാൻ ബോർഡ്

ശബരിമല ∙ തീർഥാടകരുടെ എണ്ണവും വരുമാനവും വർധിക്കുമ്പോഴും ശബരിമലയിൽ അയ്യപ്പന്മാർ ഇരുമുടിക്കെട്ടിൽ കൊണ്ടുവന്നു സമർപ്പിക്കുന്ന നെയ്യുടെ അളവ് കുറയുന്നു. അരവണ തയാറാക്കാൻ ഇത്തവണയും നെയ്യ് പുറത്തുനിന്നു വാങ്ങാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തീർഥാടകർ സമർപ്പിച്ച 70,000 ലീറ്റർ നെയ്യാണു സന്നിധാനത്തിൽ ഇപ്പോൾ ബഫർ സ്റ്റോക്ക് ഉള്ളത്. കഴിഞ്ഞ വർഷം 2 ലക്ഷം ലീറ്റർ നെയ്യാണു മിൽമയ്ക്കു കരാർ നൽകി വാങ്ങിയത്.ഒരുകൂട്ട് അരവണ തയാറാക്കാൻ 45 കിലോ ശർക്കര, 7.5 കിലോ അരിപ്പൊടി, 10.5 ലീറ്റർ നെയ്യ്, 2.5 ലീറ്റർ തേൻ, 750 ഗ്രാം ഏലയ്ക്കാപ്പൊടി, ഒരു കിലോ ഉണക്കമുന്തിരി എന്നിവയാണ് വേണ്ടത്. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് പല ഗുണനിവാരത്തിലുള്ളതാണ്. അതിനാൽ ഇത് ശുദ്ധീകരിച്ചാണു അരവണ, അപ്പം എന്നിവ തയാറാക്കാൻ എടുക്കുന്നത്. ഇതിനായി സന്നിധാനത്തിൽ പ്രത്യേക ശുദ്ധീകരണശാലയുണ്ട്. 4 വർഷം മുൻപ് വരെ അരവണ തയാറാക്കാൻ പുറത്തുനിന്ന് നെയ്യ് വാങ്ങിക്കാറില്ലായിരുന്നു. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ചാണ് അരവണ തയാറാക്കിവന്നത്.അതിനാൽ അരവണ തയാറാക്കാൻ കൂടുതൽ നെയ്യ് പുറത്തുനിന്ന് വാങ്ങേണ്ടി വരുമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്. മിൽമ നെയ്യ്ക്ക് ഗുണനിലവാരം കൂടുതലാണെന്നാണ് അധികൃതരുടെ പക്ഷം. തീർഥാടകർ കൊണ്ടുവരുന്ന നെയ്യ് ഒരു കൂട്ടിന് 10.5 ലീറ്റർ വേണ്ടിവരുമ്പോൾ മിൽമ നെയ്യ് 7.5 ലീറ്റർ മതി. ലീറ്ററിന് 540 രൂപ നിരക്കിൽ 2 ലക്ഷം ലീറ്റർ നെയ്യ് വാങ്ങാനാണ് മിൽമയ്ക്കു കരാർ നൽകിയത്. 2024–25 സാമ്പത്തിക വർഷം പൊതു ടെൻഡർ വിളിച്ചാണ് പുറത്തു നിന്നു നെയ്യ് വാങ്ങിയത്. പക്ഷേ ഗുണനിലവാരം കുറഞ്ഞ നെയ്യാണു ലഭിച്ചത്.
Source link
