ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മമർദിച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചുവെന്ന ആക്ഷേപത്തിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് എസ്ഐമാരെ ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.
ഗ്രേഡ് എസ്ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ക്രമസമാധാന എഡിജിപിയുടെ ഓഫീസിൽ റിപ്പോർട്ടുകൾ പരിശോധിച്ചിരുന്നത് ഇവരായിരുന്നു. കേസ് അന്വേഷിച്ച മുൻ ഉദ്യോഗസ്ഥരാണ് അട്ടിമറി നടന്നുവെന്ന ആക്ഷേപം ഉന്നയിച്ചത്. ഗൺമാന്മാർക്കെതിരെ തെളിവില്ലെന്ന് കാട്ടി റിപ്പോർട്ട് നൽകാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സമ്മർദം ഉണ്ടായെന്നായിരുന്നു ആരോപണം. ഇതിലാണ് എസ്ഐടി അന്വേഷണം നടത്തുന്നത്.
2023 ഡിസംബർ 15-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നയിച്ച നവകേരളസദസിന്റെ ബസ് കടന്നുപോയപ്പോൾ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ ലോക്കൽ പൊലീസ് നോക്കി നിൽക്കെ പ്രതികൾ മർദിക്കുകയായിരുന്നു. കേസിൽ പിണറായി വിജയന്റെ ഗൺമാനായിരുന്ന ഇൻസ്പെക്ടർ എസ്. അനിൽകുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർ എസ്. സന്ദീപ്, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആറാം തീയതിയിലേക്കു മാറ്റി. പ്രതികളെ അതുവരെ അറസ്റ്റ് ചെയ്യരുതെന്നും ജില്ല സെഷൻസ് കോടതി നിർദ്ദേശിച്ചു.
Source link
NEWS

