Site icon onlinekeralanews.com

ട്രംപിന്റെ ‘കൈകെട്ടി’ യുഎസ് സഭ, വീണ്ടും യുദ്ധത്തിനു ‘റെഡി’യെന്ന് നെതന്യാഹു; ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് മുന്നറിയിപ്പ്


ഇറാൻ യുദ്ധത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരങ്ങൾ നിയന്ത്രിക്കാനുള്ള പ്രമേയം പാസാക്കി അമേരിക്കൻ ജനപ്രതിനിധി സഭ. എങ്കിലും ഇറാനിലെ സൈനിക നടപടി അവസാനിക്കുമെന്ന പ്രതീക്ഷ നിക്ഷേപകർക്കില്ല. യുഎസ് സെനറ്റിന്റെ അനുമതിയും ട്രംപിന്റെ വീറ്റോ അധികാരവും ഇക്കാര്യത്തിൽ നിർണായകമാകും. ലെബനനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ട്രംപ് സമ്മതിച്ചാൽ ഇറാനെതിരെ വീണ്ടും യുദ്ധം തുടങ്ങാൻ തയാറാണെന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവനയും നിർണായകമാണ്. അതിനിടെ, ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തിയെന്ന് ട്രംപ് ആവർത്തിച്ചു. എന്നാൽ അങ്ങനെയൊരു നീക്കമില്ലെന്നാണ് ഇറാന്റെ നിലപാട്. യുഎസ് – ഇറാൻ യുദ്ധം രാജ്യാന്തര സാമ്പത്തിക വളർച്ചയ്ക്കു തിരിച്ചടിയാണെന്ന റിപ്പോർട്ടുമായി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒഇ‍ഡിസി). സമാധാന കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ സാമ്പത്തിക തിരിച്ചടി നാടകീയമായി വർധിക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. 2025ൽ 3.4 ശതമാനം ഉയർന്ന രാജ്യാന്തര സാമ്പത്തിക മേഖലയുടെ വളർച്ച 2026ൽ 2.8 ശതമാനമായി ഇടിയും. ഇക്കൊല്ലം പകുതിയോടെ എണ്ണവില കുറഞ്ഞു തുടങ്ങിയാൽ സാമ്പത്തിക മേഖല വളർച്ച 2.27ൽ 3.1 ശതമാനമായി മെച്ചപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയും ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. നഷ്ടത്തിൽ തുടങ്ങിയ വിപണിയിൽ ഉച്ചവരെ കനത്ത വിൽപന സമ്മർദമാണ് അരങ്ങേറിയത്. ഉച്ചക്കുശേഷം ബാങ്കിങ്, ഫിനാൻഷ്യൽ ഓഹരികളിലെ ഓഹരി വാങ്ങൽ സൂചികകളെ വലിയ നഷ്ടത്തിൽ നിന്ന് കരകയറ്റി. ഐടി ഓഹരികളിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. വിദേശ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ചട്ടങ്ങളിൽ ഇളവു നൽകുമെന്ന വാർത്തകളും വിപണിയെ സ്വാധീനിച്ചു.


Source link
Exit mobile version