കളിക്കുന്നതിനിടെ ഓട്ടോ അബദ്ധത്തിൽ സ്റ്റാർട്ടായി; മൂന്നുവയസ്സുകാരിയും ഓട്ടോയും കിണറ്റിൽവീണു

തൃശൂർ∙ തൃശൂർ മരത്തംകോട്ട് ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്കൊപ്പം കിണറ്റിൽവീണ മൂന്നുവയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് ഓട്ടോറിക്ഷയിൽ കുട്ടി കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബിന്നി–സീമ ദമ്പതികളുടെ മകൾ എൽസിക്കാണ് നിസാര പരുക്കേറ്റത്. സീമയുടെ പിതാവ് ഓട്ടോറിക്ഷാ ഡ്രൈവറാണ്. ഇദ്ദേഹം ഉച്ചയ്ക്ക് ഊണുകഴിക്കാനെത്തിയപ്പോൾ ഓട്ടോറിക്ഷ വീട്ടുമുറ്റത്ത് നിർത്തിയിട്ടു. താക്കോൽ വാഹനത്തിൽനിന്ന് എടുത്തിരുന്നില്ല. ഈ സമയം ഓട്ടോയ്ക്കുള്ളിൽ കുട്ടി കയറി കളിക്കുകയും അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആവുകയും ആയിരുന്നു.മുന്നോട്ടുനീങ്ങിയ ഓട്ടോറിക്ഷ തലകീഴായി കിണറ്റിൽ വീണു. ഓട്ടോ കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് സമീപത്തെ പറമ്പിൽ പുല്ലുചെത്താനെത്തിയ അയൽവാസി മോഹനനാണ് ഓടിയെത്തി കുട്ടിയെ പുറത്തെത്തിച്ചത്. കുട്ടിയുടെ ഉടുപ്പ് വാഹനത്തിൽ കുടുങ്ങിയതിനാൽ വെള്ളത്തിലേക്ക് വീണില്ല. നിസാര പരുക്കേറ്റ കുട്ടിയെ ഉടൻ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾ ബെംഗളൂരുവിലാണ്.
Source link
