Site icon onlinekeralanews.com

എഥനോൾ സ്റ്റൗ വിപണിയിലേക്ക്; എൽപിജിയെക്കാൾ വില കൂടുതൽ, ഹോട്ടലുകൾക്ക് പക്ഷേ ആശ്വാസമായേക്കും


ന്യൂഡൽഹി ∙ പാചകവാതക വില കുതിച്ചുയരുന്നതിനിടെ എഥനോൾ ഇന്ധനമായി ഉപയോഗിക്കാവുന്ന സ്റ്റൗ വിപണിയിലെത്തിക്കാനുള്ള ശ്രമം ഊർജിതം. വാണിജ്യ സിലിണ്ടറുകളുടെ വില സർവകാല റെക്കോർഡിൽ എത്തിയതും വിതരണത്തിന് നിയന്ത്രണങ്ങൾ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ എഥനോൾ സ്റ്റൗ ഹോട്ടലുകൾക്ക് ആശ്വാസമാകുമെന്നാണു പ്രതീക്ഷ. എന്നാൽ വിലയിൽ വലിയ നേട്ടമുണ്ടാകില്ല. എൽപിജിയെക്കാൾ വില കൂടുതലാണ് എഥനോളിന്. സ്റ്റൗവിനും വില കൂടുതലായിരിക്കും.ഐഐടികളുടെ നേതൃത്വത്തിലാണ് എഥനോൾ സ്റ്റൗ നിർമാണ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. സ്റ്റൗവിന്റെ പ്രോട്ടോടൈപ്പ് ഉടൻ പുറത്തിറങ്ങുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പെട്രോളിയം ഇൻഡസ്ട്രി ഡയറക്ടർ ആർ.എസ്.രവി പറഞ്ഞു. ചില ആഫ്രിക്കൻ രാജ്യങ്ങളിലും ബ്രസീലിലും നിലവിൽ എഥനോൾ പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. എൽപിജിയെക്കാൾ സുരക്ഷിതമാണെന്നാണ് ഇവരുടെ അനുഭവം. 20-30% വരെ ഇന്ധന ക്ഷമതയും കൂടുതലാണ്.എന്നാൽ പാചകത്തിന് കൂടുതൽ സമയം വേണ്ടിവരും. വിതരണം ചെയ്യാനും സൂക്ഷിച്ചുവയ്ക്കാനും എളുപ്പമാണെന്നും ഇവർ പറയുന്നുണ്ടെങ്കിലും എൽപിജിക്ക് എന്നപോലെ എഥനോൾ വിതരണത്തിന് രാജ്യവ്യാപകമായി ശൃംഖലയില്ലെന്നതു വെല്ലുവിളിയാണ്.എഥനോൾ സ്റ്റൗ വിപണിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു ഗ്രെയിൻ എഥനോൾ മാനുഫാക്ചറേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. എഥനോളിനെ പാചക ഇന്ധനമായി പരിഗണിക്കണമെന്ന് ഇവർ നേരത്തേ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നാഗ്പുരിൽ പൊതുപരിപാടിക്കിടെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എഥനോൾ അടുപ്പുകൾ വൈകാതെ വിപണിയിലെത്തുമെന്നു പറഞ്ഞിരുന്നു.എഥനോൾ പാചക ഇന്ധനത്തിലേക്ക് മാറുന്നത് എൽപിജി ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് എഥനോൾ ഉൽപാദകർ ചൂണ്ടിക്കാട്ടുന്നു. 2024-25ൽ 31.3 ദശലക്ഷം ടൺ എൽപിജിയാണ് രാജ്യത്ത് ഉപയോഗിച്ചത്. ഇതിൽ 20.66 ദശലക്ഷം ടണ്ണും ഇറക്കുമതിയാണ്. 


Source link
Exit mobile version