Site icon onlinekeralanews.com

നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ജൂലായ് അഞ്ചിന് ചടങ്ങ് സ്വവസതിയിൽ

മുംബയ്: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു. ജൂലായ് അഞ്ചിന് സ്വവസതിയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിലാണ് താരം പങ്കാളിയായ ഗൗരി സ്‌പ്രാറ്റിനെ ജീവിതസഖിയാക്കുന്നത്. 61കാരനായ ആമിറും 47കാരിയായ ഗൗരിയും ഏറെ നാളായി പ്രണയത്തിലാണ്. വസതിയിൽ നടക്കുന്ന രജിസ്റ്റർ മാര്യേജിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. വിവാഹത്തിൽ ബോളിവുഡ് സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും പങ്കെടുക്കുമെന്നും വിവരമുണ്ട്.

റീന ദത്തയാണ് ആമിറിന്റെ ആദ്യ ഭാര്യ. ജുനൈദ്, ഇറ എന്നിവരാണ് മക്കൾ. സംവിധായകയായ കിരൺ റാവുവാണ് രണ്ടാം ഭാര്യ. ആസാദ് മകനാണ്. 2021ലാണ് കിരണും ആമിറും വേർപിരിഞ്ഞത്. ഗൗരി സ്പ്രാറ്റിന് മുൻ വിവാഹത്തിൽ ക്വിൻ എന്ന ഏഴു വയസുള്ള മകനുണ്ട്. അവരുടെ മുത്തച്ഛൻ ഫിലിപ്പ് സ്പ്രാറ്റ് ബ്രിട്ടീഷ് വംശജനായ ഒരു കമ്മ്യൂണിസ്റ്റായിരുന്നു. 1920കളിലാണ് ഇന്ത്യയിലെത്തിയത്.

60ാം പിറന്നാൾ ആഘോഷത്തിനിടെയാണ് തന്റെ പുതിയ പ്രണയവിവരം ആമിർ ഖാൻ പങ്കുവച്ചത്. വാർത്താ സമ്മേളനത്തിനിടെ നടൻ തന്റെ കാമുകി ഗൗരിയെ മാദ്ധ്യമങ്ങൾക്ക് പരിചയപ്പെടുത്തുകയായിരുന്നു. 25 വർഷത്തിലേറെയായി ഗൗരിയെ അറിയാമെന്നും ഒരു വർഷമായി പ്രണയത്തിലാണെന്നുമാണ് അന്ന് നടൻ വെളിപ്പെടുത്തിയത്. ബംഗളൂരു സ്വദേശിയായ ഗൗരി നിലവിൽ ആമിർ ഖാന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.


Source link
Exit mobile version