ഐപിഎലിൽ കണ്ടത് അസാധാരണ പ്രതിഭയെ! വൈഭവ് സൂര്യവംശിയെ കുറിച്ച് പഠിക്കാനൊരുങ്ങി ഐഐഎം

ഇന്ത്യൻ പ്രീമിയർ ലീഗിലെ അവിശ്വസനീയ പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ വിജയഗാഥയെയും വളർച്ചയെയും കുറിച്ച് പഠിക്കാൻ പ്രമുഖ ബിസിനസ് സ്കൂളായ ഐഐഎം ഇൻഡോർ ഒരുങ്ങുന്നു. കൗമാരപ്രായത്തിൽ തേടിയെത്തുന്ന അമിത പ്രശസ്തി, പണം, മാധ്യമശ്രദ്ധ എന്നിവ കുട്ടികളിലുണ്ടാക്കുന്ന മാനസിക-സാമൂഹിക സ്വാധീനങ്ങളെക്കുറിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രധാനമായും ഗവേഷണം നടത്തുക.ദിവസങ്ങൾക്ക് മുൻപ് അവസാനിച്ച ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച സൂര്യവംശി, 16 ഇന്നിങ്സുകളിൽ നിന്ന് 237 സ്ട്രൈക്ക് റേറ്റിൽ 776 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിരുന്നു. ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചറികളും ഉൾപ്പെടെ ലീഗിലെ ഏറ്റവും മൂല്യമുള്ള താരം ഉൾപ്പെടെ അഞ്ച് അവാർഡുകളാണ് ഈ കൗമാരക്കാരൻ വാരിക്കൂട്ടിയത്. ഇതിന് പുറമെ, ഒരു സീസണിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (72 എണ്ണം) പറത്തിയ ക്രിസ് ഗെയിലിന്റെ റെക്കോർഡും താരം തിരുത്തിക്കുറിച്ചു.മനഃശാസ്ത്രം, സോഷ്യോളജി, ഹ്യൂമൻ റിസോഴ്സസ്, കമ്മ്യൂണിക്കേഷൻ, ബിഹേവിയറൽ സയൻസ് എന്നീ മേഖലകളിലെ വിദഗ്ധർ പഠനത്തിന്റെ ഭാഗമാകും. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിച്ച് മൂന്ന് മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പഠനം കായികതാരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ഗണിതം, ശാസ്ത്രം, കല തുടങ്ങി മേഖലകളിൽ ചെറുപ്രായത്തിൽ തന്നെ മികവ് തെളിയിക്കുന്ന കുട്ടികൾക്കും ഇതിലെ കണ്ടെത്തലുകൾ സഹായകരമാകും.
Source link
