‘ഒരാളാണെങ്കിലും കൊന്നിട്ടേ പോകൂ, പുതിയ മന്ത്രിസഭയിലെ ആൾക്കാര്‍ വരട്ടെ’: പൊലീസ് സംഘത്തെ ആക്രമിച്ച കേസിൽ കൂടുതൽ ദൃശ്യങ്ങൾ

കൊച്ചി ∙ തൃക്കാക്കരയിൽ മദ്യലഹരിയിൽ അഞ്ചംഗ സംഘം പൊലീസ് പട്രോളിങ് സംഘത്തെ ആക്രമിച്ച സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പൊലീസുകാർക്ക് നേരെയുള്ള കൊലവിളി ഭീഷണിയും വാഹനം തല്ലിത്തകർക്കലും മന്ത്രിമാർ നേരിട്ടെത്തി ഇടപെടണമെന്ന ആവശ്യവുമെല്ലാം അടങ്ങുന്ന പുതിയ വിഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ ഉണിച്ചിറ മരോട്ടിച്ചുവടിനു സമീപം നടന്ന സംഭവത്തിൽ പ്രതികളായ യുവാക്കൾ തന്നെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണിത്. രണ്ടോ മൂന്നോ പേരടങ്ങുന്ന നൈറ്റ് പട്രോളിങ് സംഘത്തെ യുവാക്കൾ വളയുന്നതും സ്ഥലത്തു നിന്ന് പോകാൻ അനുവദിക്കാതെ അക്രമാസക്തരായി നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് പിന്നീട് ഇവരെ അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ പ്രധാന മാളിലെ സെക്യൂരിറ്റി ജീവനക്കാരായ വയനാട് സ്വദേശി അക്ഷയ് (25), കൊല്ലം സ്വദേശി ജിനീഷ് (38), തിരുവനന്തപുരം സ്വദേശികളായ അജ്മൽ (20), അൽത്താഫ് (21), നെന്മാറ സ്വദേശി ഷംസുദീൻ (36) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. മരോട്ടിച്ചുവടിലുള്ള ഒരു വാടക അപ്പാർട്ട്മെന്റിൽ താമസിച്ച് വന്നിരുന്ന അഞ്ചംഗ സംഘം മദ്യപിച്ച് വലിയ രീതിയിൽ ബഹളമുണ്ടാക്കിയതോടെ നാട്ടുകാരും കെയർടേക്കറും പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനോട് സഹകരിക്കുന്നതിനു പകരം പ്രതികൾ പൊലീസിനെ തടഞ്ഞുവച്ച് തട്ടിക്കയറുകയായിരുന്നു. ഐഡന്റിറ്റി കാർഡ് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥരോട് അക്രമാസക്തരായ ഇവർ തങ്ങൾക്കെതിരെ പരാതി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ‘ഔദ്യോഗിക ഐഡി എന്താണ്? ആ ഹിന്ദിക്കാരെ പറഞ്ഞു വിട്ടിട്ട് ഞങ്ങൾ 5 പേരെ ഈ മഴയത്ത് നിർത്തിയിരിക്കുകയാണ്. ഇടിവണ്ടിയിൽ കൊണ്ടുപോയി കൊല്ലും എന്നല്ലേ പറഞ്ഞത്. ഞങ്ങൾ ഇവിടുന്നു മാറില്ല, അല്ലെങ്കിൽ പുതിയ മന്ത്രിസഭയിലെ ആൾക്കാര്‍ ഇവിടെ വരട്ടെ’ എന്ന് യുവാക്കൾ ആക്രോശിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
Source link
