Site icon onlinekeralanews.com

300 അടി ദൂരെയുള്ള ഇരയെപ്പോലും ശ്രദ്ധിക്കാനാകും, ബുദ്ധിശക്തിയുള്ള വേട്ടക്കാരനാണ് രാജവെമ്പാല


 ഭാരമുള്ള കറുത്ത സഞ്ചി നിലത്തുവച്ചു കാട്ടരുവിയിൽനിന്നു കൈ കഴുകി. സഞ്ചിയുടെ വായ മെല്ലെ അഴിക്കുന്നതിനിടെ ഉച്ചത്തിലുള്ള സീൽക്കാരത്തിനൊപ്പം സഞ്ചിയൊന്നു വികസിച്ചമർന്നു. അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങൾ, ഹൃദയതാളം പെരുമ്പറ മുഴക്കാൻ തുടങ്ങിയിരുന്നു. കാരണം, സഞ്ചിക്കകത്തുള്ളത് ഉഗ്രവിഷമുള്ള പാമ്പുകളുടെ രാജാവാണ്! സാക്ഷാൽ രാജവെമ്പാല. കർണാടകയിലെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ രാജവെമ്പാലയെ രക്ഷപ്പെടുത്തി തിരികെ കാട്ടിലേക്ക് കയറ്റി വിടാൻ കൊണ്ടുവന്നതാണ് പാമ്പ് രക്ഷകരായ ചിലർ. അഗ്രം വളഞ്ഞ നേർത്ത വടികൊണ്ട് ഒരാൾ തുറന്നുവച്ച സഞ്ചിയുടെ മുകളിൽ മെല്ലെയൊന്നു മുട്ടി. വട്ടത്തിലും ദീർഘവട്ടത്തിലുമുള്ള മനോഹരമായ കള്ളികൾ നിറഞ്ഞ കൂർത്ത തല മാത്രം വെളിയിൽ ഇട്ടു അഗ്രം പിളർന്ന നാക്കു നീട്ടി അവൻ പരിസരം നിരീക്ഷിച്ചു. ചെറിയകല്ലുകളും പൂഴിയും നിറഞ്ഞ മണ്ണിലേക്ക് രാജകീയ പ്രൗഢിയോടെ രാജവെമ്പാല സഞ്ചിയിൽ നിന്നും മെല്ലെ ഊർന്നിറങ്ങി. കറുപ്പിൽ വെള്ളി വരകളോട് കൂടിയ ശരീരഭാഗം മണ്ണിലേക്കമർന്നു ഇഴഞ്ഞുനീങ്ങി. അതിനിടെ മുന്നിലുള്ള പാറക്കല്ലുകൾക്കു അടുത്തെത്തിയപ്പോൾ അവനൊന്നു തലയുയർത്തി നിശ്ചലമായി നിവർന്നുനിന്നു. എതിർദിശയിലുള്ള സൂര്യവെളിച്ചത്തിൽ തലയുടെ ഭാഗം സ്വർണവർണമായി മാറിയിരിക്കുന്നത് കണ്ടപ്പോൾ എന്റെ ക്യാമറയുടെ കണ്ണുകൾ അനുസ്യൂതം തുറന്നടഞ്ഞു. ആ നിൽപ് എനിക്ക് വേണ്ടിയെന്നോണം കുറച്ചു നേരം അങ്ങനെ തുടർന്നു. പിന്നെ മറുകരയിലെ കുറ്റിക്കാട്ടിലേക്കു മറഞ്ഞു. കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന അഭിലാഷത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു ഈ സായാഹ്നം. പല വ്യത്യസ്ത സാഹചര്യങ്ങളിൽ പാമ്പുകളുടെ രാജാവിനെ ക്യാമറയിൽ പകർത്താൻ അവസരം ലഭിച്ചിട്ടുണ്ട്. അതിലൊന്ന് കർണാടകയിലെ ‘കോബ്ര ക്യാപിറ്റൽ’ എന്നറിയപ്പെടുന്ന അഗുംബെ വനാതിർത്തിയിൽവെച്ചാണ്. കാട്ടിലെ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന രാജവെമ്പാലയെ ഒന്ന് നേരിൽ കാണാനും സാധിച്ചാൽ കുറച്ചു ഫോട്ടോകൾ എടുക്കാനും വേണ്ടിയാണ് ഒരു സാഹസിക യാത്രയ്ക്ക് പുറപ്പെട്ടത്. 27 വർഷങ്ങളായി രാജവെമ്പാലയെ കുറിച്ച് പഠനം നടത്തുന്ന തളിപ്പറമ്പിലെ വിജയ് നീലകണ്ഠനോടൊപ്പമായിരുന്നു അഗുംബെയിലേക്ക് എത്തിയത്. വർഷങ്ങൾക്ക് മുൻപ് കണ്ണൂർ ജില്ലയിലെ മലയോരപ്രദേശമായ കൊട്ടിയൂരിൽനിന്ന് നൂറ്റിയൊന്ന് ദിവസം കാവലിരുന്ന് രാജവെമ്പാലയുടെ മുട്ട വിരിയിച്ചെടുത്തിട്ടുള്ള വിജയ് നീലകണ്ഠൻ ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന പ്രകൃതി വന്യജീവി സംരക്ഷകരിൽ ശ്രദ്ധേയനാണ്.


Source link
Exit mobile version