Site icon onlinekeralanews.com

പൊലീസ് സ്റ്റേഷനുകളിൽ നൂറുകണക്കിനു വാഹനങ്ങൾ കാടുകയറിയ നിലയിൽ; ഉടമകളെ കണ്ടെത്തിയും ലേലം ചെയ്തും നീക്കാൻ ശ്രമം


പത്തനംതിട്ട∙ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ വളപ്പിലും സമീപത്തും വർഷങ്ങളായി കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്തു വിൽക്കാൻ തീരുമാനിച്ചപ്പോൾ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്കു ശാപമോക്ഷത്തിലേക്കുള്ള വഴിയാണു തുറന്നത്. ഇരുചക്രവാഹനങ്ങൾ മുതൽ കാറും ലോറിയും വരെ നൂറുകണക്കിനു വാഹനങ്ങളാണു പല പൊലീസ് സ്റ്റേഷനുകളിലായി കിടക്കുന്നത്. വർഷങ്ങളായി വാഹനങ്ങൾ നിർത്തിയിട്ടതോടെ ഇവയ്ക്കു മുകളിലേക്കു കാടു കയറി. പാമ്പുകൾ ഉൾപ്പെടെയുള്ളവ വാസകേന്ദ്രമായി ഈ വാഹനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.പൊലീസ് സ്റ്റേഷൻ വളപ്പിൽ സ്ഥലമില്ലാത്തതിനാൽ ചിലയിടങ്ങളിൽ റോഡരികിലാണു വാഹനങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ ഗതാഗത തടസ്സത്തിനും അപകടങ്ങൾക്കും വരെ ഈ വാഹനങ്ങൾ കാരണമാകുന്നുണ്ട്. ഇത്തരം വാഹനങ്ങൾ ലേലം ചെയ്തു വിൽക്കുമ്പോൾ ഇത്തരം അപകടസാധ്യതകളും ഒഴിവാകും. ഒപ്പം സ്റ്റേഷൻ വളപ്പിൽ സ്ഥലവും ലഭിക്കും. പൊലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഒഴിവാക്കാൻ മന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചതോടെ, ജില്ലയിലും ഉടമകളെ കണ്ടെത്തിയും ലേലം ചെയ്തും വാഹനങ്ങൾ നീക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.പത്തനംതിട്ട ∙ പത്തനംതിട്ട പൊലീസ് സ്റ്റേഷൻ വളപ്പിൽ ആകെ 62 വാഹനങ്ങളാണു സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളാണു കൂടുതലുമുള്ളത്. നിലവിൽ കേസുള്ള വാഹനങ്ങൾ അഴൂർ ഭാഗത്തു റോഡരികിലാണു സൂക്ഷിച്ചിട്ടുള്ളത്. ഇവ കേസ് തീരുന്നതോടെ ഉടമയ്ക്കു വിട്ടു നൽകുമെന്നു പൊലീസ് പറഞ്ഞു. വലിയ വാഹനങ്ങൾ സ്റ്റേഷൻ വളപ്പിൽ നിർത്തിയിടാൻ സ്ഥലമില്ലാത്തതാണു കാരണം. സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിട്ടുള്ളവയിൽ കേസ് പൂർത്തിയായിട്ടും ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങൾ, ഉടമയെ ബന്ധപ്പെട്ടു തിരിച്ചെടുപ്പിക്കാനുള്ള ശ്രമത്തിലാണെന്നും മറ്റു വാഹനങ്ങൾ ലേലം ചെയ്തു വിൽക്കുമെന്നും പൊലീസ് പറഞ്ഞു.


Source link
Exit mobile version