രഹസ്യവിവരത്തെത്തുടർന്ന് ഫ്ലാറ്റിലെത്തി; പൊലീസ് കണ്ടത് കിടപ്പുമുറിയിൽ ‘കഞ്ചാവ് തോട്ടം’: നട്ടുവളർത്തിയത് 70 കഞ്ചാവ് ചെടികൾ

തിരുവനന്തപുരം ∙ രഹസ്യവിവരത്തെത്തുടർന്ന് ടെക്നോപാർക്കിലെ ഐടി കമ്പനി മാനേജറുടെ ഫ്ലാറ്റിലെത്തിയ പൊലീസ് കണ്ടത് കിടപ്പുമുറിയിൽ ‘കഞ്ചാവ് തോട്ടം’. ശ്രീകാര്യം അലത്തറയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഹരിയാന സ്വദേശി വിശാലിനെയാണ്(26) വീടിനുള്ളിൽ നട്ടുവളർത്തിയ 70 കഞ്ചാവ് ചെടികളുമായി പിടികൂടിയത്. ഓപ്പറേഷൻ തൂഫാനിന്റെ ആദ്യദിനത്തിൽ ശ്രീകാര്യം പൊലീസ് നടത്തിയ റെയ്ഡിൽ ഇയാൾ കൈവശം സൂക്ഷിച്ച 19 ഗ്രാം കഞ്ചാവും കണ്ടെടുത്തു. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സ്വന്തം ആവശ്യത്തിനു മാത്രമായാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് പ്രതി വെളിപ്പെടുത്തി. ഉൽപാദനത്തിലെയും ഉപയോഗത്തിലെയും തന്റെ ‘വേറിട്ട’ രീതികൾ പൊലീസിനു മുന്നിൽ വിവരിച്ചു. കഞ്ചാവ് ഉപയോഗിച്ച ശേഷം അതിന്റെ വിത്തുകൾ നട്ടുവളർത്തിയെന്നാണു മൊഴി. ചെടിച്ചട്ടിയിലും മുട്ടകൊണ്ടുവരുന്ന പേപ്പർ ട്രേയിലും പ്ലാസ്റ്റിക് കപ്പുകളിലുമാണ് ചെടികൾ വളർത്തിയത്. മൂപ്പെത്താത്ത ചെടിയുടെ ഇലകൾ ഉപയോഗിച്ച് ചമ്മന്തിയരച്ചും പാലിൽ കലക്കി കുടിച്ചുമാണ് കഞ്ചാവ് ഉപയോഗിച്ചിരുന്നതെന്നും പ്രതി വെളിപ്പെടുത്തി.
Source link
