‘ഭ്രാന്തന്മാർക്ക് ജീവിതരീതി മാറ്റാനാകില്ല’; വെടിവയ്പ്പിനെത്തുടർന്ന് മുടങ്ങിയ ചടങ്ങ് വീണ്ടും, പങ്കെടുക്കുമെന്ന് ട്രംപ്

വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷന്റെ വാർഷിക വിരുന്നിനിടെയുണ്ടായ വെടിവയ്പ്പിനെത്തുടർന്ന് നിർത്തിവച്ച ചടങ്ങ് ജൂലൈ 24ലേക്ക് മാറ്റിവച്ചതായും, അതിൽ താൻ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമങ്ങളെ എപ്പോഴും കടുത്ത ഭാഷയിൽ വിമർശിക്കാറുള്ള ട്രംപ്, ചടങ്ങ് നടത്താനുള്ള അസോസിയേഷന്റെ തീരുമാനത്തെ ശക്തിയുടെയും ദൃഢതയുടെയും അടയാളം എന്ന് വിശേഷിപ്പിച്ചു. ചടങ്ങിൽ പങ്കെടുക്കാനും സംസാരിക്കാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും താൻ അത് സ്വീകരിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഭ്രാന്തന്മാരായ ആളുകൾക്ക് നമ്മുടെ ജീവിതരീതിയോ അതിന്റെ സമയക്രമങ്ങളോ മാറ്റാൻ അനുവദിക്കില്ല എന്നതിന് തെളിവാണ് ഈ പ്രഖ്യാപനമെന്നും ട്രംപ് പറഞ്ഞു. ഏപ്രിൽ 25ന് വാഷിങ്ടനിലെ ഹിൽട്ടൺ ഹോട്ടലിൽ നടന്ന വിരുന്നിനിടെ, ഹാളിനു പുറത്തുള്ള സുരക്ഷാ ചെക്ക്‌പോസ്റ്റിൽ വെടിയൊച്ച ഉയർന്നതിനെത്തുടർന്നാണ് ട്രംപിനെ അവിടെനിന്നും അടിയന്തരമായി മാറ്റിയത്. ട്രംപിനെ വധിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ട കാലിഫോർണിയ സ്വദേശി കോൾ അലൻ (31) കോടതിയിൽ കുറ്റം നിഷേധിച്ചിട്ടുണ്ട്.
Source link
