Site icon onlinekeralanews.com

‘പിണറായി അറിയാതെ അവർ പല ഇടപാടുകളും നടത്തി; അതിന്റെയൊക്കെ കേടാണ് അനുഭവിക്കുന്നത്’: വെള്ളാപ്പള്ളി നടേശൻ


ആലപ്പുഴ ∙ എൽ‍‍ഡിഎഫിനു ഭരണം നഷ്ടപ്പെട്ടതിന്റെ പേരിൽ സിപിഎമ്മിന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രൂക്ഷവിമർശനം. ജനങ്ങളെ മറന്നു സാമ്പത്തിക നേട്ടത്തിനായി പാഞ്ഞ സിപിഎം നേതാക്കൾ ചെയ്ത പാപങ്ങളാണു തിരിച്ചടിച്ചത്. തുടർഭരണം ലഭിച്ചതോടെ നേതാക്കളും അണികളും സുഖലോലുപരായെന്നും ‘യോഗനാദം’ മാസികയുടെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി വിമർശിക്കുന്നു. ഭരണം നഷ്ടമായപ്പോൾ ബ്രാഞ്ച് കമ്മിറ്റി മുതൽ പൊളിറ്റ് ബ്യൂറോ വരെ കുറ്റമെല്ലാം പിണറായി വിജയന്റെ തലയിൽ വയ്ക്കുന്നതിനെയും വിമർശിക്കുന്നുണ്ട്. ആർക്കും ഏതാവശ്യത്തിനും കയറിച്ചെല്ലാവുന്ന പാർട്ടി ഓഫിസുകൾ ബ്രാൻഡഡ് വേഷമണിഞ്ഞ് മുന്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന ദല്ലാൾമാരും അധികാര കച്ചവടക്കാരും കയ്യടക്കി. വിദ്യാർഥി നേതാക്കൾക്കു മുതൽ ഏരിയ സെക്രട്ടറിമാർക്കു വരെ അഹങ്കാരത്തിന്റെ ഭാഷയും പെരുമാറ്റവുമാണ്. സർക്കാരിന്റെയും മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രതിസന്ധികൾ സിപിഐ സൃഷ്ടിച്ചെന്നും വിമർശനമുണ്ട്. സിപിഐയുടെ വകുപ്പുകൾ പലപ്പോഴും പരാജയമായിരുന്നു. സിവിൽ സപ്ലൈസ്, റവന്യു വകുപ്പുകളിൽ നവകമ്യൂണിസ്റ്റുകളുടെ അഴിമതി വാഴ്ചയായിരുന്നു. സ്വന്തം വോട്ട് ബാങ്ക് മറന്നുള്ള ന്യൂനപക്ഷ പ്രീണനവും തിരിച്ചടിച്ചു. ദയനീയ പരാജയത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും വലിയ പങ്കുണ്ട്. വിവാദപുരുഷനായ പി.ശശിയുടെ നിയന്ത്രണത്തിലായിരുന്ന ഓഫിസ് ഉപജാപക സംഘത്തിന്റെ പിടിയിലായിരുന്നു. പിണറായി അറിയാതെ പല ഇടപാടും ഇടപെടലും ഈ സംഘം നടത്തി. അതിന്റെയൊക്കെ കേടാണ് ഇപ്പോൾ പിണറായിയും പാർട്ടിയും അനുഭവിക്കുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.


Source link
Exit mobile version