ഗംഗ കൂലിപ്പണിക്ക് പോകേണ്ട; ഓട്ടോ നൽകി സുരേഷ് ഗോപി

രാജകുമാരി∙ സ്വയംതാെഴിൽ പദ്ധതിക്ക് ലോൺ അനുവദിക്കാത്ത ബാങ്കിനെ കുറിച്ച് പരാതി പറഞ്ഞ വനിതയ്ക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷ വാങ്ങി നൽകി. ബൈസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശിനാണ് കേന്ദ്രമന്ത്രി ഓട്ടോറിക്ഷ നൽകിയത്. 2 പതിറ്റാണ്ടിലധികമായി ഏലത്തോട്ടങ്ങളിൽ കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തുന്നയാളാണ് ഗംഗ. ബസ് ഡ്രൈവറായിരുന്ന ഭർത്താവ് ഋഷികേശിന് ജീവിതശൈലീ രോഗങ്ങളെത്തുടർന്ന് 13 വർഷമായി ജോലിക്ക് പോകാനാകുന്നില്ല. ഇതോടെ ഗംഗയുടെ കഷ്ടപ്പാടുകൾ ഇരട്ടിയായി. സ്വയംതൊഴിൽ കണ്ടെത്തി കുടുംബം മുന്നോട്ടു കൊെണ്ടുപോകണമെന്ന ആഗ്രഹത്തിലാണ് 7 വർഷം മുൻപ് ദേശസാൽകൃത ബാങ്കിൽ മുദ്ര ലോണിന് അപേക്ഷിച്ചത്. എന്നാൽ, അങ്ങനെയാെരു പദ്ധതിയില്ലെന്നായിരുന്നു അന്ന് ബാങ്ക് അധികൃതർ പറഞ്ഞത്. 2025 സെപ്റ്റംബർ 30ന് മൂലമറ്റത്ത് നടത്തിയ കലുങ്ക് സൗഹൃദ സംഗമത്തിൽ പങ്കെടുത്ത ഗംഗയ്ക്ക് സുരേഷ് ഗോപിയുമായി സംസാരിക്കാൻ അവസരം ലഭിച്ചു. 130 കിലോമീറ്ററോളം സ്കൂട്ടർ ഓടിച്ചാണ് ഗംഗ മൂലമറ്റത്തെത്തിയത്. വീട്ടുവിശേഷങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപിയോട് മുദ്ര ലോൺ നിഷേധിച്ചതിനെ കുറിച്ച് പറഞ്ഞു. അങ്ങനെയെങ്കിൽ ഒരു ഓട്ടോറിക്ഷ വാങ്ങി നൽകാമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പിഎ ഗംഗയെ ഫോണിൽ വിളിച്ച് കമ്പനിയിലേക്ക് പണം നൽകിയിട്ടുണ്ടെന്നും അടിമാലിയിലെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ എടുക്കാമെന്നും അറിയിക്കുകയായിരുന്നു. അടുത്ത ദിവസം മുതൽ ഓട്ടോറിക്ഷ ഓടിച്ചു തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഗംഗ. ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിന്റെ നിർമാണം നടക്കുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ സമ്മാനമായി ഓട്ടോറിക്ഷ ഗംഗയുടെ വീട്ടിലെത്തിയത്. വിഡിയോ കോളിൽ വിളിച്ച സുരേഷ് ഗോപിയോട് ഗംഗ നന്ദിയറിയിച്ചു.
Source link
