Site icon onlinekeralanews.com

നിലമ്പൂർ ബൈപാസിന് മിന്നൽ വേഗത്തിൽ ടെൻഡറായി; ആദ്യഘട്ട നിർമാണം അതിവേഗത്തിൽ


നിലമ്പൂർ ∙ നിലമ്പൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന നിലമ്പൂർ ബൈപാസിന്റെ ഒന്നാം ഘട്ട നിർമാണത്തിന് മിന്നൽ വേഗത്തിൽ ടെൻഡറായി. യുഡിഎഫ് സർക്കാർ ഭരണമേറ്റെടുത്ത് 14–ാമത്തെ ദിവസമാണ് ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെ നിരന്തര ഇടപെടലിൽ ബൈപാസിന് ടെൻഡറായത്. പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ നേരിൽ കണ്ട് ആര്യാടൻ ഷൗക്കത്ത് നടത്തിയ ചർച്ചയാണ് ബൈപാസിന്റെ ടെൻഡർ നടപടി അതിവേഗത്തിലാക്കിയത്.  കെഎൻജി റോഡിൽ ഒസികെ പടി മുതൽ പട്ടരാക്ക വരെ 2.460 കിലോമീറ്റർ റോഡ് നിർമാണം, ജംക്‌ഷൻ നവീകരണം, ബസ് ബേ എന്നിവയടക്കം 27.79 കോടിക്കാണ് ടെൻഡറായത്. ജൂൺ 22ന് ടെൻഡർ തുറക്കും. കരാർ ലഭിക്കുന്നവർക്ക് ഉടനടി നിർമാണം ആരംഭിക്കാം. ബൈപാസിനായി ഭൂമി വിട്ടുനൽകിയ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകി കഴിഞ്ഞതോടെ ഒന്നാം ഘട്ട ബൈപാസ് നിർമാണം ആരംഭിക്കുന്ന മുറയ്ക്ക് തന്നെ രണ്ടാം ഘട്ടത്തിനും ടെൻഡർ നടപടികളാകും. 35 മീറ്റർ വീതിയിൽ ദേശീയപാത നിലവാരത്തിൽ നാലുവരിപ്പാതയായാണ് ബൈപാസ് വരുന്നത്. റോഡിനോട് ചേർന്ന് നടപ്പാതയും സൈക്കിൾ ട്രാക്കും ഉണ്ടാകും. കെഎൻജി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഒസികെ പടി മുതൽ വെളിയംതോട് വരെ 6 കിലോമീറ്റർ ദൈർഘ്യത്തിലാണ് നിർദിഷ്ട നിലമ്പൂർ ബൈപാസ്. പട്ടരാക്കവരെയുള്ള ബൈപാസിന്റെ ഒന്നാം ഘട്ടം പൂർത്തിയായാൽ തന്നെ നിലമ്പൂരിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാവും. നിലമ്പൂർ നഗരത്തിന്റെ തിരക്കിൽ പ്രവേശിക്കാതെ കെഎൻജി റോഡിൽ നിന്നും ബൈപാസ് വഴി ചക്കാലക്കുത്തിലൂടെ പൂക്കാട്ടുംപാടം, കാളികാവ്, ചുങ്കത്തറ, എടക്കര ഭാഗങ്ങളിലേക്ക് പോവാം. ഊട്ടിയിലേക്കും മൈസൂരിലേക്കുമുള്ള വിനോദസഞ്ചാരികൾക്കും പാത അനുഗ്രഹമാകും.


Source link
Exit mobile version