പെട്രോൾ വിലവർധനയ്ക്കെതിരെ സിപിഎം സമരത്തിലേക്ക്; ജൂൺ 4ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും

തിരുവനന്തപുരം ∙ പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയ്ക്കെതിരെ സിപിഎം പ്രതിഷേധ സമരത്തിലേക്ക്. ജൂൺ 4ന് ജില്ല, ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫിസുകൾക്ക് മുന്നിൽ പാർട്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. കേന്ദ്ര സർക്കാർ നാലുവട്ടം വില വർധിപ്പിച്ചിട്ടും മുഖ്യമന്ത്രി മൗനം പാലിച്ച് മുന്നോട്ടു പോവുകയായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വിമർശിച്ചു. ഇന്ധനവില വർധന ഉൾപ്പെടെ ജനജീവിതം ദുസഹമാക്കുന്ന കേന്ദ്രസർക്കാർ നയങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കേന്ദ്രത്തിന്റെ കൊള്ളയ്ക്ക് സംസ്ഥാന സർക്കാരും കൂട്ടുനിൽക്കുകയാണ്. ഇപ്പോഴത്തെ ഈ വില വർധനവിലൂടെ മാത്രം ലീറ്ററിന് 2 രൂപയിലധികം അധിക വരുമാനം സംസ്ഥാന സർക്കാരിന് ലഭിക്കും. എൽഡിഎഫ് ഭരിക്കുന്ന കാലത്ത് ഇന്ധന നികുതി വരുമാനം വേണ്ടെന്ന് വയ്ക്കണമെന്ന നിലപാടായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾ സ്വീകരിച്ചിരുന്നത്. ഈ മുദ്രാവാക്യം മുന്നോട്ടുവച്ച് കന്റോൺമെന്റ് ഹൗസിൽനിന്ന് സൈക്കിൾ ചവിട്ടി നിയമസഭയിൽ വന്ന് സമരം ചെയ്യുകയായിരുന്നു സതീശൻ. എന്നാൽ അദ്ദേഹം ഭരണത്തിലെത്തി വെറും രണ്ടാഴ്ചയ്ക്കുള്ളിൽ നാല് തവണ കേന്ദ്രം വില വർധിപ്പിച്ചിട്ടും മൗനിയായി തുടരുകയാണ് ചെയ്യുന്നതെന്നു ഗോവിന്ദൻ കുറ്റപ്പെടുത്തി.
Source link
