ബംഗാളിൽ ലോകത്തെ ഏറ്റവും വലിയ ‘തൈര്’ ഫാക്ടറിയുമായി അമുൽ; ബിജെപി ഭരണം പിടിച്ചതിന് പിന്നാലെ വമ്പൻ നിക്ഷേപം

ഇന്ത്യയിൽ കന്നുകാലികൾ ഏറ്റവുമധികമുള്ള സംസ്ഥാനമെന്ന പെരുമപേറുന്ന ബംഗാളിൽ ലോകത്തെ ഏറ്റവും വലിയ തൈര് ഫാക്ടറി സ്ഥാപിക്കാൻ അമുൽ ഒരുങ്ങുന്നു. ബിജെപി ഭരണം പിടിച്ച ബംഗാളിലും ഭരണം നിലനിർത്തിയ അസമിലും വൻ നിക്ഷേപ പദ്ധതികൾക്കുള്ള തയാറെടുപ്പിലുമാണ് അമുൽ.ഇരു സംസ്ഥാനങ്ങളിലുമായി ഏകദേശം 800 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിൽ 600-650 കോടിയും നിക്ഷേപിക്കുക ബംഗാളിൽ. പ്രതിദിനം 10 ലക്ഷം കിലോഗ്രാമിലേറെ തൈരും സംഭാരവും ലസ്സിയും ഉൾപ്പെടെ നിർമിക്കുന്ന ഫാക്ടറിയാണ് ഹൗറയിൽ ആസൂത്രണം ചെയ്യുന്നത്. ഐസ്ക്രീം, പനീർ, നെയ്യ് തുടങ്ങിയവയും ഉൽപാദിപ്പിക്കുന്ന പ്ലാന്റ് പ്രതിദിനം 15 ലക്ഷം ലീറ്റർ പാൽ സംസ്കരിക്കുമെന്നാണ് കരുതുന്നത്.ബംഗാളിലെ ഉപഭോക്താക്കൾക്ക് മാത്രമല്ല, കർഷകർക്കും ഇതു വലിയ നേട്ടമാകും. കേന്ദ്ര ക്ഷീരമന്ത്രാലയത്തിന്റെ 2025ലെ കണക്കനുസരിച്ച് 1.90 കോടി കന്നുകാലികളുള്ള സംസ്ഥാനമാണ് ബംഗാൾ. ഇക്കാര്യത്തിൽ രാജ്യത്ത് ഒന്നാമതുമാണ്. നേരിയ വ്യത്യാസത്തിൽ തൊട്ടടുത്ത് ഉത്തർപ്രദേശുണ്ട്. 1.87 കോടിയുമായി മധ്യപ്രദേശാണ് മൂന്നാമത്. 1.53 കോടിയുമായി ബിഹാർ നാലാമതും.നിലവിൽതന്നെ ബംഗാളിന്റെ പാൽ വിപണിയിൽ ഏറ്റവും മുന്നിലാണ് ഗുജറാത്ത് ആസ്ഥാനമായ അമുൽ. 2024ലെ കണക്കുപ്രകാരം ഏതാണ്ട് 90,000 കോടി മൂല്യമുള്ളതാണ് ബംഗാളിന്റെ പാൽ വിപണി. പ്രതിദിനം 10 ലക്ഷം ലീറ്ററിലധികം പാൽ നിലവിൽ ബംഗാളിൽ അമുൽ വിൽക്കുന്നുണ്ട്. പാൽ ശേഖരണത്തിനായി ബംഗാളിൽ 14 ജിലകളിലായി അമുലിന് ശൃംഖലകളുണ്ടെന്നും ഇതിന്റെ പ്രയോജനം സംസ്ഥാനത്തെ ഒരുലക്ഷത്തിലേറെ വരുന്ന വനിതാ സംരംഭകർക്ക് ലഭിക്കുന്നുണ്ടെന്നും ന്യൂസ്18ന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.ബംഗാൾ ജനതയ്ക്കിടയിൽ തൈരിനും അനുബന്ധ ഉൽപന്നങ്ങൾക്കും വലിയ ഡിമാൻഡുണ്ട്. മാത്രമല്ല ഇന്ത്യയുടെ മൊത്തം പാൽ വിപണിയിൽ 18 ശതമാനം വിഹിതവും ബംഗാൾ, ബിഹാർ, ഒഡീഷ സംസ്ഥാനങ്ങൾക്കാണ്. ഈ അനുകൂലഘടകങ്ങൾ കൂടി പരിഗണിച്ചാണ് ബംഗാളിൽ വൻ നിക്ഷേപത്തിന് അമുലിന്റെ ഒരുക്കം.
Source link
