കോക്ക കോള ‘ഹിന്ദുസ്ഥാൻ’ വഴി ഇന്ത്യൻ ഓഹരി വിപണിയിലേക്ക്; കടുത്ത മത്സരവുമായി അംബാനിയുടെ കാംപ കോള

ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനൊരുങ്ങി രാജ്യാന്തര ശീതളപാനീയ ബ്രാൻഡായ കോക്ക കോള. കമ്പനിയുടെ രാജ്യത്തെ ബോട്ട്ലിങ് യൂണിറ്റിന്റെ മാതൃസ്ഥാപനമായ ഹിന്ദുസ്ഥാൻ കോക്ക കോള ഹോൾഡിംഗ്സാണ് (എച്ച്സിസിഎച്ച്) അടുത്ത വർഷത്തോടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) നടത്തുമെന്ന് അറിയിച്ചത്. ഇതിനു പുറമെ എച്ച്സിസിഎച്ചിലെ കമ്പനിയുടെ ഓഹരി വിഹിതം വിറ്റൊഴിയാനും കോക്ക കോളയ്ക്ക് പദ്ധതിയുണ്ട്. ബിഎസ്ഇയിലും എൻഎസ്ഇയിലും കമ്പനി ലിസ്റ്റ് ചെയ്യുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും കമ്പനി അറിയിച്ചു. എച്ച്സിസിഎച്ചിൽ നിലവിൽ കോക്ക കോളയ്ക്ക് 60 ശതമാനം ഓഹരിയാണുള്ളത്. 40 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ജൂബിലന്റ് ഭാരതി ഗ്രൂപ്പിന് കൈമാറിയിരുന്നു. 1997ലാണ് കോക്ക കോള എച്ച്സിസിഎച്ചിന് കീഴിൽ ഹിന്ദുസ്ഥാൻ കൊക്കക്കോള ബിവറിജസ് പ്രൈവറ്റ് (എച്ച് എന്ന കമ്പനി സ്ഥാപിക്കുന്നത്. നിലവിൽ 10 സംസ്ഥാനങ്ങളിലായി 14 ബോട്ട്ലിങ് പ്ലാന്റുകളുണ്ട്.കോക്ക കോള, തംസപ്പ്, സ്പ്രൈറ്റ്, ഫാന്റ തുടങ്ങിയ ശീതളപാനീയങ്ങളാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. രാജ്യാന്തര തലത്തിൽ കോക്ക കോളയ്ക്ക് മികച്ച വിൽപന ലഭിക്കുന്ന വിപണി കൂടിയാണ് ഇന്ത്യ. 2024-25 സാമ്പത്തിക വർഷത്തിൽ 5000 കോടി രൂപയായിരുന്നു കമ്പനിയുടെ വിറ്റുവരവ്. സെബിയുടെ അനുമതി ലഭിച്ച 161 കമ്പനികളുടെ 2.42 ലക്ഷം രൂപയുടെ ഐപിഒ ഇനി വിപണിയിൽ ലോഞ്ച് ചെയ്യാനുണ്ട്. ജിയോ പ്ലാറ്റ്ഫോംസ്,എൻഎൻഇ, സെപ്റ്റോ, എസ്ബിഐ മ്യൂച്വൽഫണ്ട് തുടങ്ങിയ വമ്പൻ ഐപിഒകൾ ഉൾപ്പെടെയാണിത്. 1.53 ലക്ഷം കോടി രൂപയുടെ ഐപിഒ അപേക്ഷകൾ സെബിയുടെ അനുമതി കാത്തിരിക്കുകയാണെന്നും കണക്കുകൾ പറയുന്നു.
Source link
