പല ബോളിവുഡ് സിനിമകളുടേയും മനോഹര രംഗങ്ങൾ ചിത്രീകരിച്ച സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം, വിയറ്റ്നാം

ഭൂപടത്തിൽ വിയറ്റ്നാമിനെയൊന്നു സൂക്ഷിച്ചുനോക്കിക്കേ!. ഒരു കടൽക്കുതിരയോട് രൂപസാദൃശ്യമില്ലേ? ചൈനയോടും ലാവോസിനോടും കംബോഡിയയോടും പറ്റിച്ചേർന്നുറങ്ങുന്ന കൊച്ചുരാജ്യം. എന്നുകരുതി തീരെ കുഞ്ഞനൊന്നുമല്ല. ജനസംഖ്യ 10 കോടിക്കു മുകളിൽ വരും. കേരളം പോലെത്തന്നെ ഒരുഭാഗം മുഴുവൻ കടലാണ്. വിയറ്റ്‌നാമിന്റെ കറൻസിയായ ഡോങ്ങിന് രൂപയേക്കാൾ മൂല്യം കുറവാണ്. എന്നാൽ, ഇതുമാത്രമല്ല ഇന്ത്യക്കാരടക്കമുള്ള സഞ്ചാരികളെ ആകർഷിക്കുന്നത്. കാരണം, മറ്റെങ്ങും കാണാനാവാത്ത പ്രകൃതിഭംഗിയാണ് വിയറ്റ്‌നാമിന്. വൈവിധ്യമാർന്ന ജീവിതങ്ങൾ, കല, കച്ചവടങ്ങൾ, തെരുവുകൾ, സ്വാതന്ത്രസമരത്തിന്റെ അവശേഷിക്കുന്ന ചോരപ്പാടുകൾ…അങ്ങനെയങ്ങനെ സഞ്ചാരികൾ കണ്ടുതീർക്കാൻ കാഴ്ചകളേറെ.വിയറ്റ്നാമിന്റെ വിലാസംതലസ്ഥാനമായ ഹാനോയിലെ ഹോട്ടലിലായിരുന്നു താമസം. ആദ്യ യാത്രതന്നെ വിയറ്റ്നാമിന്റെ അഭിമാനമായ ‘ഹാലോങ് ബേ’ എന്ന പ്രകൃതിസുന്ദരിയുടെ അടുത്തേക്കായിരുന്നു. വിയറ്റ്നാം എന്ന് ഗൂഗിളിനോട് പറഞ്ഞാൽ ആദ്യം കാണിച്ചുതരുന്ന ചിത്രങ്ങളിലൊന്ന് ഇതാവും. വിയറ്റ്നാമിന്റെ വിലാസംതന്നെയാണ് ഹലോങ് ബേ. ഹനോയിൽനിന്ന് 160 കിലോമീറ്റർ ദൂരമുണ്ട്. 1,500 കിലോമീറ്റർ സ്‌ക്വയറിൽ വ്യാപിച്ചുകിടക്കുന്ന കായലിൽ നിന്ന് തല പൊക്കിനോക്കുന്ന പടുകൂറ്റൻ ചുണ്ണാമ്പുകല്ലുമലകൾ. അവയ്ക്കു മുകളിൽ കൊച്ചുവനങ്ങൾ. പല ബോളിവുഡ് സിനിമകളുടേയും മനോഹര രംഗങ്ങൾ ഇവിടെ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്. ചെറു ആഡംബരക്കപ്പലുകളും വിനോദസഞ്ചാര ബോട്ടുകളുമെല്ലാം സർവീസ് നടത്തുന്നുണ്ട്. കായൽകാറ്റേറ്റ് ചുണ്ണാമ്പുമലകൾ ചുറ്റിയുള്ള യാത്ര ഏറെ രസകരമാണ്. ഓരോ മലകൾക്കും ഓരോ പേരുണ്ട്. അവയ്ക്കുള്ളിൽ അതിവിശാലമായ വിടവുകളും ഗുഹകളും. ഇതെല്ലാം യുനസ്‌കോ സംരക്ഷിത പട്ടികയിലാക്കിക്കഴിഞ്ഞു.ഗുഹകൾ എന്നാൽ ചെറുതാണെന്ന് കരുതരുത്. ഉള്ളിലേക്ക് കടന്നാൽ വലിയൊരു ലോകമാണ്. പതിനായിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് രൂപം കൊണ്ട മലകൾക്കടിയിൽ സ്വാഭാവികമായി രൂപപ്പെട്ട വിള്ളലുകളാണിവ. വൻമലകളുടെ വേരിലാണ് നാമുള്ളതെന്ന് തോന്നുകയേയില്ല. ഉള്ളിൽ നല്ല തണുപ്പാണ്. ചിലയിടത്ത് മുകളിൽ നിന്ന് വെള്ളം ഇറ്റിറ്റുവീഴും. മലയുടെ അടിയിലെന്ന പോലെ ശിഖരങ്ങളും ഏറെ അതിശയങ്ങൾ ഒളിപ്പിച്ചുവെക്കുന്നു. അതുകാണാൻ 400 പടവുകൾ കയറി മുകളിലെത്തി. അവിടെയെത്തിയാലുള്ള കാഴ്ചകൾ വിവരിക്കാനാവില്ല. യാത്രക്കിടയിൽ ബോട്ടിൽ വിഭവസമൃദ്ധമായ ഭക്ഷണവുമുണ്ട്. പുഴയിൽ നിന്ന് പിടിക്കുന്ന വലിയ മീൻ മുഴുവനായി പൊരിച്ചുവെച്ചിരിക്കുന്നു. പിന്നെ കൂന്തൾ ഫ്രൈ, ചെമ്മീൻ പൊരിച്ചത്, ചിക്കൻ ചതുരക്കഷ്ണമായി മുറിച്ചു വറുത്തത്, ചിക്കൻ റോൾ, കടുക്ക തൊണ്ടോടെ പുഴുങ്ങിയത്…വിസ്മയത്തുമ്പത്ത്അടുത്തദിവസത്തെ യാത്ര ‘നിൻ ബിങ്ങി’ലേക്കാണ്. ഹാനോയിൽ നിന്ന് 120 കിലോമീറ്റർ ദൂരമുണ്ട്. ട്രാവലറാണ് വാഹനം. വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾ വാഹനത്തിലുണ്ടായിരുന്നു. ആദ്യം പോയത് വിയറ്റ്നാമിലെ ആദ്യ രാജവംശമായ ലിങ് തിങ്ഹ്വായുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ‘ഹൊആലു’ (hoa lu) എന്ന സ്ഥലത്തേക്ക് പോയി. പുരാതന വിയറ്റ്നാമിന്റെ തലസ്ഥാനമായിരുന്നു ഇത്. രാജവംശങ്ങളുടെ ആരാധനാലയങ്ങളായ പഗോഡകൾ ഇവിടെക്കാണാൻ കഴിയും. നിൻ ബിങ്ങിലെ പ്രധാന കാഴ്ചകളിലൊന്നാണ് ‘ട്രാങ് ആൻ’. 12,252 ഹെക്ടർ വിസ്തീർണമുള്ള കായലാണത്.
Source link
