ഭഗവത് ഗീതയും ലെഹങ്കയിൽ വൃന്ദാവനവുമായി കാൻ ഫെസ്റ്റിവലിലെത്തിയ കലാകാരി

ക്രിയാത്മകതയുടെ അങ്ങേയറ്റമാണ് പലപ്പോഴും കാൻ ഫെസ്റ്റിവലിൽ കാണാറുള്ളത്. ചിലത് വമ്പൻപരാജയമാണെങ്കിൽ, ആളുകളുടെ ശ്രദ്ധകവരുന്ന ലുക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം നടി ഉർവശി റൗട്ടല ഏറ്റവും ചെലവേറിയ ലുക്കുമായാണ് റെഡ് കാർപ്പറ്റിലെത്തിയതെന്നാണ് വിവരം.അതിനൊപ്പം ആലിയ ഭട്ടിന്റെ വസ്ത്രങ്ങളും താര സുതാരിയയുടെ ഐവറി കോർസെറ്റ് ഗൗണും ശ്രദ്ധാകേന്ദ്രമായി. അതിനിടെ ഇന്ത്യയിൽനിന്നുള്ള കലാകാരിയായ ആർതി ഖേതർപാലിന്റെ ലുക്കും ചർച്ചയാവുകയാണ്. ഫാഷൻ എന്നതിലുപരി തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചാണ് ആർതി കാനിലെത്തിയത്.2026-ലെ ഗ്രാമി നോമിനേഷൻ ലഭിച്ച ‘സൗണ്ട്‌സ് ഓഫ് കുംഭ’ ആൽബത്തിൽ പ്രത്യക്ഷപ്പെട്ട, വൃന്ദാവനത്തിൽനിന്നുള്ള കലാകാരിയായ ആർതി, ഫ്യൂഷൻ, വെസ്റ്റേൺ ഔട്ട്ഫിറ്റുകൾക്ക് പകരം ഒരു ലെഹങ്കയാണ് തിരഞ്ഞെടുത്തത്. വൃന്ദാവനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ വസ്ത്രം തയ്യാറാക്കിയത്.സുലക്ഷണ മോംഗ ഡിസൈൻ ചെയ്ത മസ്റ്റാർഡ്-യെല്ലോ ലെഹങ്കയാണ് അവർ ധരിച്ചത്. ലെഹങ്കയിലുടനീളം വൃന്ദാവനം മനോഹരമായി വരച്ചുചേർത്തിരിക്കുന്നു. അതിനൊപ്പം എംബ്രോയ്ഡറി ചെയ്ത ബ്ലൗസും ദുപ്പട്ടയും.ഗ്രീൻ മീനാകാരി നെക്ലേസും സ്റ്റേറ്റ്‌മെന്റ് ഇയർറിങ്ങുമാണ് അവർ അണിഞ്ഞത്. ശ്രീകൃഷ്ണന്റെ ഭക്തയായതിനാൽ ലെഹങ്കയ്‌ക്കൊപ്പം ഒരു കൃഷ്ണബാഗും, പോക്കറ്റ് സൈസ് ഭഗവത് ഗീതയും, തുളസി കാന്തി മാലയും. ബോൾഡ് റെഡ് ലിപ്സ്റ്റിക്കും പിങ്ക് ഐഷാഡോയും ന്യൂട്രൽ ബേസ് മേക്കപ്പുമാണ് ഇതിനൊപ്പം ആർതി തിരഞ്ഞെടുത്തത്.പിന്നാലെ കാനിൽനിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് അവരിങ്ങനെ കുറിച്ചു, ”ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യർക്കുമായി സമർപ്പിക്കുന്നു”. കാൻ ഫെസ്റ്റിവലിന്റെ ചരിത്രത്തിലാദ്യമായി സനാനത ധർമത്തെ പ്രതിനിധീകരിച്ചിരിക്കുന്നുവെന്നും അവർ പറയുന്നു.
Source link
