10-ാം ക്ലാസിൽ കൃഷി ശാസ്ത്രവും ആരോഗ്യരക്ഷയും പഠിച്ചിരുന്ന കാലം; 111 വർഷം പഴക്കമുള്ള എസ്എസ്എൽസി ബുക്ക്

പത്തനംതിട്ട ∙ ഇത്രയും കാലം തുറക്കാതെ വച്ചിരുന്ന തടിപ്പെട്ടി. നാടെങ്ങും സ്കൂൾ പ്രവേശനോത്സവം പൊടിപിടിക്കുന്നതിനിടെ ഈ പെട്ടിയുടെ പൊടിതട്ടി ഉള്ളിലേക്കു പ്രവേശിച്ചപ്പോൾ കണ്ടെത്തിയതു 111 വർഷം പഴക്കമുള്ള എസ്എസ്എൽസി ബുക്ക്. ഇരവിപേരൂർ – ഓതറ തേവരുമുറിയിൽ കുടുംബത്തിലെ വല്യപ്പച്ചൻ മാത്തു കോരയുടെ സിക്സ്ത് ഫോം (പത്താംക്ലാസ്) സർട്ടിഫിക്കറ്റാണു കൗതുകമായി മാറുന്നത്. 40 വർഷം മുൻപ് മാത്തു ഓർമയായെങ്കിലും പൂർവികരുടെ വിശിഷ്ട വസ്തുക്കൾ പുതുതലമുറയ്ക്കു കൈമാറുന്ന രീതിയുണ്ട്. അറയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പഴയ പെട്ടി മാത്തു കോരയുടെ കൊച്ചുമകൻ തോമസ്കുട്ടി തേവരുമുറിയും സഹോദരൻ രെജി മാത്യുവും തുറന്നപ്പോഴാണു സർട്ടിഫിക്കറ്റ് കണ്ടെത്തുന്നത്. തിരുവിതാംകൂർ വിദ്യാഭ്യാസ ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന രേഖകൂടിയാണ് ഈ സർട്ടിഫിക്കറ്റ്.ആളുകൾ അപൂർവമായി മാത്രം പത്താംക്ലാസ് ജയിക്കുന്ന അക്കാലത്ത് ഭാഷ, അരിത്‌മെറ്റിക് ആൻഡ് മെൻഷുറേഷൻ, ജ്യോഗ്രഫി, ചരിത്രം, ഡ്രോയിങ് എന്നിങ്ങനെ 5 പേപ്പറിനു പുറമേ രണ്ട് ഇഷ്ട വിഷയങ്ങൾ കൂടി പഠിക്കണം. പട്ടിണിയും പകർച്ചവ്യാധികളും ഏറെയുള്ള അക്കാലത്ത് മാത്തു കോര തിരഞ്ഞെടുത്തത് കൃഷി ശാസ്ത്രവും ആരോഗ്യ രക്ഷയും. ‘ഹാജരു വിഷയത്തിൽ ക്രമവും കണിശവുമുണ്ട്. വിഷയജ്ഞാനം സാമാന്യം തരക്കേടില്ല. സ്വഭാവം നന്ന്’, റിമാർക്സ് ബൈ ഹെഡ്മാസ്റ്റർ എന്ന പേജിൽ കോരയെപ്പറ്റി പ്രധാനാധ്യാപകൻ സ്റ്റീൽ പെന്നുകൊണ്ട് മഷിയിൽ മുക്കി എഴുതിയിരിക്കുന്നു.
Source link
