ഒമാനിൽ ഇന്ത്യൻ ഉൽപന്നത്തിന് ഇനി പൂജ്യം തീരുവ; ഇന്ത്യയ്ക്കായി തുറക്കും സലാലയും ദുഖവും, ജോലി തേടുന്നവർക്കും കേരളത്തിനും വൻ നേട്ടം

ന്യൂഡൽഹി∙ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അലയൊലികൾക്കിടെ ഇന്ത്യ– ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ഇന്നലെ പ്രാബല്യത്തിലായി.ഇതോടെ ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99.38 ശതമാനവും തീരുവരഹിതമായി. മുൻപ് ഇന്ത്യൻ കയറ്റുമതിയുടെ 15.33 ശതമാനത്തിനു മാത്രമാണ് തീരുവയിളവുണ്ടായിരുന്നത്. ഇന്ത്യയിലേക്ക് ഒമാനിൽ നിന്ന് എത്തുന്ന 94.81% കയറ്റുമതിക്കും തീരുവയിളവ് നൽകും. പല ഉൽപന്നങ്ങളും ക്വോട്ട അടിസ്ഥാനത്തിലും മിനിമം ഇറക്കുമതി വില നിശ്ചയിച്ചുമാണ് ഇളവ്. ഒമാൻ ഈന്തപ്പഴത്തിന് തീരുവ കുറയുമെന്നതിനാൽ ഇന്ത്യയിൽ വില കുറയും.ഒമാനിൽ നിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ഇന്ത്യക്കാരെ ജോലിക്ക് നിയോഗിക്കാനുള്ള അവസരവും പുതിയ കരാർ വഴി ലഭ്യമായി. ഇന്ത്യൻ കമ്പനിയിലെ 20% ജീവനക്കാരെ മാത്രമേ അതേ കമ്പനിയുടെ ഒമാൻ ശാഖയിലേക്കു (ഇൻട്ര–കോർപറേറ്റ് ട്രാൻസഫറീസ്–ഐസിടി) മാറ്റാൻ കഴിയുമായിരുന്നുള്ളൂ. ഇത് 50 ശതമാനമാക്കി ഉയർത്തി. നിശ്ചിത എണ്ണം ഒമാനി പൗരരെ റിക്രൂട്ട് ചെയ്യണമെന്ന വ്യവസ്ഥയിൽ മാറ്റമില്ല. ഇതിനു പുറമേയുള്ള റിക്രൂട്ട്മെന്റിന് ഇന്ത്യൻ ജീവനക്കാർക്ക് മുൻഗണന നൽകാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിയും. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെയടക്കം (എഫ്ഡിഎ) അംഗീകാരമുള്ള ഇന്ത്യൻ നിർമിത മരുന്നുകൾക്ക് 90 ദിവസത്തിനകം ഒമാനിൽ മാർക്കറ്റിങ് ഓതറൈസേഷൻ ലഭ്യമാക്കും. 2006ൽ യുഎസിനു ശേഷം മറ്റൊരു രാജ്യവുമായി ഒമാൻ ഉഭയകക്ഷി വ്യാപാരകരാറിൽ ഏർപ്പെടുന്നത് ആദ്യമാണ്.
Source link
