തിരുവനന്തപുരം: തെക്കുപടിഞ്ഞറാൻ കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് ഇനിയും വെെകുമെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശക്തമായ കാലവർഷത്തിന് ആവശ്യമായ ഉപരിതല കിഴക്കൻ കാറ്റുകൾ ജൂൺ 5-6 തീയതികൾക്ക് ശേഷം മാത്രമേ ദക്ഷിണേന്ത്യയ്ക്ക് മുകളിൽ പൂർണമായി രൂപപ്പെടാൻ സാദ്ധ്യതയുള്ളൂവെന്നാണ് പുതിയ റിപ്പോർട്ട്.
കേരളത്തിലെ കാലവർഷത്തിന്റെ തുടക്കം കനത്ത മഴയോടെയായിരിക്കില്ല. മറിച്ച് വളരെ നേരിയതോ ദുർബലമോ ആയ രീതിയിലായിരിക്കുമെന്നാണ് വിവരം. ക്രമേണ മാത്രമേ ഇത് ശക്തിപ്രാപിക്കുകയുള്ളൂ. ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടുനിൽക്കുന്നതാണ് കാലവർഷം. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് വീശുന്ന ഈർപ്പമുള്ള കാറ്റാണ് മൺസൂൺ മഴയ്ക്ക് കാരണം.
കാലവർഷത്തെക്കുറിച്ച് പരിശോധിക്കാൻ കാലാവസ്ഥാ വകുപ്പ് ഉപയോഗിക്കുന്ന ഒരു പുതിയ കമ്പ്യൂട്ടർ മോഡലാണ് ഗ്ലോബൽ ഫോർകാസ്റ്റ് സിസ്റ്റം (ജിഎഫ്എസ്). ഇത് അന്തരീക്ഷത്തിലെ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ കാലാവസ്ഥ വ്യതിയാനങ്ങൾ പ്രവചിക്കുന്നു. ഇവയുടെ ഏറ്റവും പുതിയ കണ്ടെത്തൽ പ്രകാരമാണ് കാലവർഷം ഇനിയും വെെകുമെന്ന് പറയുന്നത്. അതിന് കാരണം പടിഞ്ഞാറ് നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റാണ്. ഇവയെ ‘വെസ്റ്റേൺ ഡിസ്റ്റർബൻസ്’ എന്നാണ് വിളിക്കുന്നത്. ഈ കാറ്റ് പൂർണമായും മാറിപ്പോയാൽ മാത്രമേ കാലവർഷത്തിന് ആവശ്യമായ കിഴക്കൻ കാറ്റുകൾക്ക് ദക്ഷിണേന്ത്യയ്ക്ക് മുകളിൽ ശക്തമാക്കാൻ സാധിക്കുകയുള്ളൂ. അതുവരെ കേരളത്തിന് മുകളിലുള്ള പ്രാരംഭ മൺസൂൺ പ്രവാഹം വളരെ ദുർബലായി തന്നെ തുടരും.
അതിനാൽ കേരളത്തിൽ കാലവർഷം ശക്തിപ്രാവിക്കാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കാം. ഈ വർഷത്തെ കാലവർഷത്തിന്റെ വരവ് പ്രവചനാതീതമായി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ആദ്യം മേയ് 26 എത്തുമെന്നായിരുന്നു പ്രവചനം. പിന്നെ അത് ജൂൺ മൂന്നിനായി. ഇനിയും കാലവർഷം വരാൻ വെെകുമോയെന്നാണ് ജനങ്ങളുടെ ആശങ്ക
Source link
NEWS

