മോഷണമുതൽ ‘പൊടിക്കാൻ’ വിനോദയാത്ര, തിരിച്ച് നാട്ടിലെത്തിയപ്പോൾ പിടിവീണു; അറസ്റ്റിലായ രണ്ടുപേർ പ്രായപൂർത്തി ആകാത്തവർ

കാഞ്ഞിരപ്പള്ളി ∙ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ആനക്കല്ല് പൊൻമല കല്ലമ്പള്ളിയിൽ ഡോ. ആന്റണി ജോസഫിന്റെ (ലാലിച്ചൻ) വീട് കുത്തിത്തുറന്നു 3 പവനും 75,000 രൂപയും മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കാഞ്ഞിരപ്പള്ളി കൊടുവന്താനം കോട്ടേപ്പറമ്പിൽ അജിത്ത് അനിലും (19) 17 വയസ്സുള്ള 2 സുഹൃത്തുക്കളുമാണു പിടിയിലായത്. മോഷ്ടിച്ച പണവുമായി മൂന്നാറിലും തമിഴ്നാട്ടിലെ കമ്പത്തും വിനോദയാത്ര പോയശേഷം തിരികെ നാട്ടിലെത്തിയപ്പോഴാണു സംഘം പിടിയിലായത്. പിടിയിലാകുന്നതിന്റെ തലേദിവസം രാത്രി മുണ്ടക്കയം ഭാഗത്തുള്ള ഒരു പുരയിടത്തിലെ കിണറ്റിൽനിന്നു പമ്പ്സെറ്റ് മോഷ്ടിക്കാൻ ഇവർ ശ്രമിച്ചതായും പൊലീസ് അറിയിച്ചു.കഴിഞ്ഞ 23നു രാത്രിയാണു ആനക്കല്ല് – പൊടിമറ്റം റോഡരികിലുള്ള ഡോ. ആന്റണിയുടെ വീട്ടിൽ മോഷണം നടത്തിയത്. കുടുംബം ബെംഗളൂരുവിലായിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. മോഷണസംഘം രാത്രിയിൽ മുഖംമൂടി ധരിച്ചു കാറിലെത്തി, സിസിടിവി ക്യാമറകൾ തുണിയിട്ടു മൂടിയശേഷമാണു കവർച്ച നടത്തിയത്. ഒന്നാം പ്രതിയുടെ പേരിൽ പ്രായപൂർത്തിയാകുന്നതിനു മുൻപ് ഒരു മോഷണക്കേസ് ഉള്ളതായും പൊലീസ് അറിയിച്ചു. എസ്എച്ച്ഒ സി.കെ.മനോജ്, എസ്ഐമാരായ, ഗോകുൽ ഗോപൻ, എസ്.എസ്.ഷിജു, എം.പി.അനിൽകുമാർ എന്നിവരും ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘവും ചേർന്നാണു പ്രതികളെ പിടികൂടിയത്.
Source link
