ഒഴിഞ്ഞുകിടന്ന സീറ്റുകളിലൊന്നിൽ ഇനിയവൾ വരില്ല; മൗനത്തിലാണ്ട ‘8 സി’യിൽ ഓർമയായി നിയ സെലിൻ

ആലപ്പുഴ ∙ വേനലവധിക്കു ശേഷം അരൂർ സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ എല്ലാ ക്ലാസ് മുറികളിലും ഇന്നലെ ആഹ്ലാദം അലതല്ലിയപ്പോഴും ‘എട്ട് സി’യിൽ മാത്രം കുട്ടികളിലും അധ്യാപകരിലും മൗനം വിങ്ങിനിന്നു. അവിടെ ഒഴിഞ്ഞുകിടന്ന സീറ്റുകളിലൊന്നിൽ ഇനിയവൾ വരില്ല; ഇനി ഒരിക്കലും ഹാജരെടുക്കാൻ ആ പേര് വിളിക്കപ്പെടുകയുമില്ല. പാമ്പു കടിയേറ്റു മരിച്ച നിയ സെലിൻ വിതുമ്പുന്ന ഓർമയായി ക്ലാസിൽ നിറഞ്ഞുനിന്നു. അണലിയുടെ കടിയേറ്റു ചികിത്സയിലായിരുന്ന നിയ (13) കഴിഞ്ഞ ദിവസമാണ് മരിച്ചത്. കഴിഞ്ഞ 7ന് സന്ധ്യയോടെ ഡാൻസ് ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു നടന്നു വരുന്നതിനിടെയാണ് നിയയെ അണലി കടിച്ചത്.നിയ പഠിക്കാൻ മിടുക്കിയായിരുന്നെന്നും ഡാൻസിനോട് ഏറെ ഇഷ്ടമുള്ള കുട്ടിയായിരുന്നെന്നും നിയയുടെ കഴിഞ്ഞ വർഷത്തെ ക്ലാസ് ടീച്ചർ എൻ.എൽ.ഷീന പറയുന്നു. ക്ലാസിൽ വളരെ ഊർജസ്വലയായ കുട്ടിയായിരുന്നു. ചേച്ചിയായ നവ്യയെപ്പോലെ കലോത്സവത്തിന് പങ്കെടുക്കണമെന്ന് നിയയ്ക്കും ആഗ്രഹമുണ്ടായിരുന്നുവെന്നും ഷീന ഓർമിച്ചു. നിയയുടെ കളിചിരികൾ ഓർത്തും ചിത്രങ്ങൾ നോക്കിയും നിസ്സംഗമായി ഇരിക്കുകയാണ് നിയയുടെ അച്ഛൻ ലെനിനും അമ്മ രാജിയും ഇരട്ട സഹോദരങ്ങളായ നവ്യയും നവീനും. അവസാന ദിവസങ്ങളിൽ കുഞ്ഞിനെ ഒരു നോക്കു കാണാൻ പോലും ഞങ്ങൾക്കു സാധിച്ചില്ല – നിയയുടെ അമ്മ രാജി വിങ്ങലോടെ പറഞ്ഞു.
Source link
