Site icon onlinekeralanews.com

‘നിങ്ങളെന്താണ് ചെയ്യുന്നത്?’ നെതന്യാഹുവിനോട് ‘സ്വരം കടുപ്പിച്ച്’ ട്രംപ്, സൈനിക നീക്കം നിർത്തി ഇസ്രയേൽ, ആശങ്കയൊഴിയാതെ ഹോർമുസ്, വിപണികളിൽ ‘ചുവപ്പുരാശി’


തിങ്കളാഴ്ച മുഴുവൻ നീണ്ട യുദ്ധഭീഷണിക്കു ശേഷം ലെബനനിലെ ഇസ്രയേൽ ആക്രമണവും യുഎസ് – ഇറാൻ ഏറ്റുമുട്ടലും താൽകാലികമായി അവസാനിപ്പിക്കാൻ കഴി‍ഞ്ഞെങ്കിലും ആശങ്ക അവസാനിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ ലെബനനിൽ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യുഎസുമായുള്ള ചർച്ചകളിൽ നിന്ന് ഇറാൻ ഇന്നലെ പിന്മാറിയിരുന്നു. ഹോർമുസിൽ കപ്പലുകൾക്കു നേരെ ഇറാൻ ആക്രമണം നടത്തിയെന്നും യുഎസ് കേന്ദ്രങ്ങൾക്കു നേരെ മിസൈൽ വിക്ഷേപിച്ചെന്നുമുള്ള വാർത്തകളും പിന്നാലെയെത്തി. ഇറാനിലെ റഡാർ, ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസും പ്രത്യാക്രമണം നടത്തി. ഇതു മേഖല വീണ്ടും യുദ്ധത്തിലേക്കു പോവുകയാണോയെന്ന ആശങ്ക ശക്തമാക്കി.എന്നാൽ പിന്നീട് യുഎസ് പ്രസിഡന്റ് ഡോണൾ‍‍ഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിൽ ലെബനനിലെ സൈനിക നീക്കം താൽകാലികമായി അവസാനിപ്പിക്കാൻ തീരുമാനമായി. ഫോൺ സംഭാഷണത്തിൽ ട്രംപ് സ്വരം കടുപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ലെബനനിലെ ഹിസ്ബുള്ളയുമായും ട്രംപ് സംസാരിച്ചു. ഇരുകൂട്ടരും തമ്മിൽ താൽകാലിക വെടിനിർത്തലിലെത്തി. ചർച്ചകൾ തുടരുകയാണെന്നും അടുത്ത ആഴ്ച ഇറാനുമായി സമാധാന കരാറിലെത്താൻ കഴിയുമെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ ഇന്നലെ ഉയർന്ന ക്രൂഡോയിൽ വില ചെറുതായി താഴ്ന്നു. അതേസമയം, യുദ്ധഭീഷണി പൂർണമായും ഒഴിവാകാത്തത് ഓഹരി വിപണിയിൽ തിരിച്ചടിയായി. ഇന്ന് പ്രധാന ഏഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ഇന്ത്യൻ ഓഹരി വിപണിയും ഈ വഴിക്കു നീങ്ങുമെന്നാണ് കരുതുന്നത്. സ്വർണം ഇന്നും ഇടിവ് തുടർന്നു. ഔൺസിന് 4400 ഡോളറിൽ താഴെയെത്തി.സെൻസെക്സ് 508 പോയിന്റ് നഷ്ടത്തിൽ 74,267 എന്ന നിലയിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 165 പോയിന്റ് ഇടിവിൽ 23,383 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 464.97 ലക്ഷം കോടി രൂപയിൽ നിന്ന് 460.70 ലക്ഷം കോടി രൂപയിലേക്ക് താഴ്ന്നു. നിക്ഷേപകരുടെ സമ്പത്തിൽ ഇന്നു മാത്രം നഷ്ടം 4.26 ലക്ഷം കോടി.


Source link
Exit mobile version