മലയാളത്തിൽ ഇനിയൊരു പരീക്ഷണത്തിന് മുതിരില്ലെന്ന് വെളിപ്പെടുത്തി ബോളിബുഡ് നടി ജാൻവി കപൂർ. മലയാളഭാഷ മനോഹരമാണെങ്കിലും കൈകാര്യം ചെയ്യാൻ വളരെ പ്രയാസമാണെന്ന് ജാൻവി തുറന്നുപറഞ്ഞു. തമിഴും തെലുങ്കും വഴങ്ങുമെങ്കിലും മലയാളം അങ്ങനെയല്ലെന്നും ജാൻവി വ്യക്തമാക്കി. രാം ചരൺ നായകനാകുന്ന തെലുങ്ക് ചിത്രം ‘പെദ്ധി’യുടെ പ്രമോഷൻ ചടങ്ങുകൾക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇനി മലയാളത്തിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം ആ ഭാഷ മനസിലാക്കാൻ വളരെ പ്രയാസമാണ്. കേൾക്കാൻ സുഖമുള്ളഭാഷയാണ് മലയാളം. പക്ഷേ, എനിക്ക് തമിഴും തെലുങ്കുമാണ് സംസാരിക്കാൻ വഴങ്ങുന്നത്. അതിനാൽ തന്നെ തെലുങ്ക് സിനിമകളിൽ വളരെയധികം ആസ്വദിച്ചാണ് അഭിനയിക്കുന്നത്. തമിഴ് സിനിമകൾ കൂടുതലായി എക്‌സ്‌പ്ലോർ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
സിദ്ധാർത്ഥ് മൽഹോത്ര നായകനായ പരംസുന്ദരിയിൽ മലയാളി പെൺകുട്ടിയായാണ് ജാൻവി കപൂർ അഭിനയിച്ചത്. ചിത്രത്തിൽ താരം തന്നെയാണ് മലയാളം ഡയലോഗുകൾ അവതരിപ്പിച്ചതും. എന്നാൽ ഇത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോൾചെയ്യപ്പെട്ടിരുന്നു. മലയാളം ഡബ്ബിംഗ് ആർട്ടിസ്റ്റുകളെയോ നടിമാരെയോ ഉപയോഗിക്കുന്നതിനുപകരം മലയാള ഭാഷയെ വികൃതമാക്കിയതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ഏറ്റവും ഒടുവിലാണിപ്പോൾ മലയാളത്തിൽ ഇനിയൊരു പരീക്ഷണത്തിന് മുതിരില്ലെന്ന് ജാൻവി തന്നെ തുറന്നുപറയുന്നത്. ‘ദേവര’യ്‌ക്ക് ശേഷം ജാൻവി കപൂർ നായികയാകുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് പെദ്ധി.
Source link

