ശുപാർശകൾ ഏറി, രാഷ്ട്രീയ ആഭിമുഖ്യത്തെക്കുറിച്ചും പരാതി; മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനം വൈകുന്നു

തിരുവനന്തപുരം∙ ശുപാർശകൾ ഏറിയതോടെ, യുഡിഎഫ് മന്ത്രിസഭയിലെ ഭൂരിഭാഗം പേരുടെയും പഴ്സനൽ സ്റ്റാഫ് നിയമനം പൂർത്തിയാക്കാനാകുന്നില്ല. ആദ്യമായി മന്ത്രിയായവരാണു ശുപാർശകളിൽ തീരുമാനമെടുക്കാനാകാതെ വലയുന്നത്. ചിലർക്ക് പ്രൈവറ്റ് സെക്രട്ടറിമാരുടെ നിയമനം തന്നെ പൂർത്തിയായിട്ടില്ല. സ്റ്റാഫിന്റെ പട്ടിക തയാറാക്കി വരുമ്പോൾ അവരുടെ രാഷ്ട്രീയ ആഭിമുഖ്യത്തെക്കുറിച്ച് പരാതികൾ ഉയരുന്നതാണു തടസ്സം. 10 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് യുഡിഎഫ് അധികാരത്തിലെത്തുന്നത് എന്നതിനാൽ, രാഷ്ട്രീയ ആഭിമുഖ്യം കൂടി നോക്കണമെന്ന അഭിപ്രായത്തിൽ മന്ത്രിമാരും ശ്രദ്ധിക്കുന്നുണ്ട്.കോൺഗ്രസിൽനിന്നു മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ പഴ്സനൽ സ്റ്റാഫ് നിയമനങ്ങളാണ് ഏറക്കുറെ നടന്നത്. മുസ്‍ലിംലീഗിൽനിന്ന് പ്രധാന വകുപ്പുകൾ കയ്യാളുന്ന മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫ് ഒഴിവുകളിൽ ഏറക്കുറെ നിയമനങ്ങളായി. നിയമസഭാ സമ്മേളനം ഇന്നു തുടങ്ങാനിരിക്കെ, ചോദ്യങ്ങൾക്കു മറുപടി തയാറാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്കും വകുപ്പിനെക്കുറിച്ചു ധാരണയുള്ള ഉദ്യോഗസ്ഥരുടെ സേവനം മന്ത്രിമാർക്ക് ആവശ്യമാണ്.ഗതാഗതമന്ത്രി സി.പി.ജോണിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിമാരായി സഹകരണ ബാങ്ക് ഉദ്യോഗസ്ഥരായ പി.എം.അഷ്റഫ്, സുനിൽ കുമാർ എന്നിവരെ ഡപ്യൂട്ടേഷനിലടക്കം 5 പേരെ കൂടി നിയമിച്ചിട്ടുണ്ട്. കൃഷിമന്ത്രി ടി.സിദ്ദീഖിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി എൻ.ഗോപകുമാർ, അസി. പ്രൈവറ്റ് സെക്രട്ടറിയായി അബ്ദുൽ മജീദ് എന്നിവർ ഉൾപ്പെടെ 4 പേരെ കൂടി നിയമനം നടത്തി. ആരോഗ്യ, ദേവസ്വം മന്ത്രി കെ.മുരളീധരന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കെ.ഗോവിന്ദരാജ് ഉൾപ്പെടെ 3 പേരെ കൂടി നിയമിച്ചു. ഫിഷറീസ്, സാമൂഹികനീതി മന്ത്രി വി.ഇ.അബ്ദുൽ ഗഫൂറിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാരായി എ.കെ.മുഹമ്മദ് മുസ്തഫ, അബ്ദുൽ മജീക് കക്കോട്ടിൽ എന്നിവരടക്കം 3 പേരെ കൂടി നിയമിച്ചു.
Source link
