Site icon onlinekeralanews.com

പാർട്ടി വിരുദ്ധ പ്രവർത്തനം; 2 എംഎൽഎമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്


കൊൽക്കത്ത∙ സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് രണ്ട് എംഎൽഎമാരെ പുറത്താക്കി തൃണമൂൽ കോൺഗ്രസ്. സന്ദീപൻ സാഹയെയും ഋത്പ്രത ബാനർജിയെയുമാണ് പുറത്താക്കിയത്. പാർട്ടി വൈസ് പ്രസിഡന്റ് ചന്ദ്രിമ ഭട്ടാചാര്യ ഒപ്പിട്ട നോട്ടിസിലാണ് ഇരുവരെയും പുറത്താക്കിയ വിവരം അറിയിച്ചത്. സംഘടന വിരുദ്ധ പ്രവർ‍ത്തനങ്ങളിൽ ഏർപ്പെട്ടു, പാർട്ടി നേതൃത്വം വിളിച്ച യോഗങ്ങളിൽ പങ്കെടുക്കുന്നതിൽ വീഴ്ച സംഭവിച്ചു. കൂടാതെ പാർട്ടിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു. ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെട്ടതുകൊണ്ട് ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നു എന്നാണ് നോട്ടിസിൽ അറിയിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളരുമോ എന്ന ആശങ്കയ്ക്കിടെയാണ് പാർട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിൽ രണ്ട് എംഎൽഎമാരെയും പുറത്താക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നിയമസഭാംഗങ്ങളിൽ ഭൂരിപക്ഷം പേരും എത്താതെ വന്നതോടെ കഴിഞ്ഞ ദിവസം മമത ബാനർജിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം റദ്ദാക്കിയിരുന്നു. 80 എംഎൽഎമാരിൽ 20 പേർ മാത്രമാണ് മമതയുടെ വീട്ടിൽ ഞായറാഴ്ച വൈകിട്ട് വിളിച്ചു ചേർത്ത യോഗത്തിന് എത്തിയത്. എംപിമാരായ അഭിഷേക് ബാനർജിയും കല്യാൺ ബാനർജിയും ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിക്കാൻ മണ്ഡലങ്ങളിൽ തുടരുന്നതിനാലാണ് മറ്റുള്ളവർ എത്താത്തതെന്ന് പാർട്ടി വക്താവ് കുനാൽ ഘോഷ് പറഞ്ഞു. എന്നാൽ 60 പേർ വിട്ടുനിന്നത് പാർട്ടിയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.


Source link
Exit mobile version