സമ്മാനം കിട്ടിയത് ഹൈടെക് എസ്‍യുവി! ഓടിക്കാൻ കാത്തിരിക്കണം മൂന്ന് വർഷം, ഇത് ഫീച്ചറുകളുടെ ഒരു പുതിയ ലോകം

ക്രിക്കറ്റ് ലോകത്തെ മുഴുവൻ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19-ാം സീസണിൽ റൺവേട്ടക്കാരുടെ രാജാവായി മാറിയിരിക്കുകയാണ് കേവലം 15 വയസ്സും 65 ദിവസവും മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസ് താരമായ ഈ കൗമാര പ്രതിഭ സീസണിലുടനീളം ബാറ്റിങ് വിസ്മയം തീർത്ത് ‘ഓറഞ്ച് ക്യാപ്’ സ്വന്തമാക്കി. വെറുമൊരു ഓറഞ്ച് ക്യാപ് മാത്രമല്ല, ടൂർണമെന്റിലെ ഏറ്റവും മികച്ച സ്ട്രൈക്കർക്കുള്ള ‘ഇലക്ട്രിക് സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ’ പുരസ്കാരവും വൈഭവ് നേടി. ഐപിഎൽ 2026ന്റെ ഒഫീഷ്യൽ സ്പോൺസർമാരായ ടാറ്റാ മോട്ടോഴ്സ് നൽകുന്ന അത്യാധുനിക ‘ടാറ്റ സിയാറ’ എസ്‌യുവിയാണ് ഈ അവാർഡിന്റെ ഭാഗമായി വൈഭവിന് സമ്മാനമായി ലഭിച്ചത്.∙ റൺവേട്ടയിൽ വിപ്ലവം സൃഷ്ടിച്ച സീസൺഐപിഎൽ 2026ൽ രാജസ്ഥാൻ റോയൽസ് ടീമിനായി കളിച്ച വൈഭവ്, 16 മത്സരങ്ങളിൽ നിന്നായി 776 റൺസാണ് അടിച്ചുകൂട്ടിയത്. 48.50 ശരാശരിയിലായിരുന്നു താരത്തിന്റെ റൺവേട്ട. എന്നാൽ ഈ നേട്ടത്തെക്കാൾ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത് വൈഭവിന്റെ സ്ട്രൈക്ക് റേറ്റ് ആണ്. 237.30 സ്ട്രൈക്ക് റേറ്റിലാണ് താരം സീസണിലുടനീളം ബാറ്റ് വീശിയത്. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ഒരു ഓറഞ്ച് ക്യാപ് ജേതാവും ഇത്രയും ഉയർന്ന സ്ട്രൈക്ക് റേറ്റിൽ റൺസ് നേടിയിട്ടില്ല. സീസണിൽ ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചറികളും വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നു.∙ സമ്മാനമായി ലഭിച്ചത് ടാറ്റാ സിയാറ, എന്താണ് ഈ എസ്‌യുവി?ഐപിഎൽ 2026ൽ ഉടനീളം കാണികളുടെയും കളിക്കാരുടെയും ശ്രദ്ധ ആകർഷിച്ച ഒന്നായിരുന്നു സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചിരുന്ന ടാറ്റാ സിയാറ എസ്‌യുവി. വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങിനുള്ള സമ്മാനമായി ഈ വാഹനം മാറിയതോടെ കാർ പ്രേമികൾക്കിടയിലും ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾ വർധിച്ചു. ദശാബ്ദങ്ങൾക്ക് മുൻപ് ഇന്ത്യൻ നിരത്തുകളിൽ തരംഗമായിരുന്ന ‘സിയാറ’ എന്ന ജനപ്രിയ ബ്രാൻഡിനെ, കാലാനുസൃതമായ മാറ്റങ്ങളോടെ 2025ന്റെ അവസാനത്തിലാണ് ടാറ്റാ മോട്ടോഴ്സ് വിപണിയിൽ വീണ്ടും അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ നിലവിൽ 11.49 ലക്ഷം മുതൽ 21.29 ലക്ഷം രൂപ വരെയാണ് (ഷോറൂം വില) ഈ മിഡ്-സൈസ് എസ്‌യുവിയുടെ വില വരുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം 24 വ്യത്യസ്ത വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ്.
Source link
