ഗുജറാത്തിൽ കോൺഗ്രസിന് വാഷൗട്ട്; മധ്യപ്രദേശിൽ ക്രോസ് വോട്ടിങ് ഭീതി: രാജ്യസഭ പിടിക്കാൻ ബിജെപി

ന്യൂഡൽഹി∙ വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്കുശേഷം രാഷ്ട്രീയ ബലാബലം മാറുന്ന സാഹചര്യത്തിൽ, ഈ മാസം രാജ്യസഭയിലെ 25 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ് നിർണായകമാകുന്നു. ജൂൺ 18 ന് നടക്കുന്ന വോട്ടെടുപ്പിൽ ക്രോസ് വോട്ടിങ് സാധ്യതയുള്ളതിനാൽ എല്ലാ കക്ഷികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് ഇറങ്ങി. ജൂൺ 8 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഈ ഘട്ടത്തിൽ 22 സീറ്റുകളുടെ കാലാവധിയാണ് പൂർത്തിയാകുന്നത്. ഇതിൽ 11 എണ്ണം ബിജെപി എംപിമാരുടേതും 3 എണ്ണം സഖ്യകക്ഷികളുടേതുമാണ്. സുനേത്ര പവാർ ബാർസി നിയമസഭാ ഉപതിരഞ്ഞെടുപ്പ് ജയിച്ച് രാജിവച്ച സീറ്റ് ഉൾപ്പെടെ 3 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. ബിജെഡിയിൽനിന്ന് ബിജെപിയിലെത്തിയ ഒഡീഷ എംപി ദേബാശിഷ് സമന്ത്രേ ഒഴിഞ്ഞ സീറ്റും ഉപതിരഞ്ഞെടുപ്പിനു വിധേയമാകും. എൻഡിഎയുടെ ലക്ഷ്യം 150+രാജ്യസഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആശങ്ക ക്രോസ് വോട്ടിങ്ങാണ്. ഇത്തവണ മധ്യപ്രദേശിലെ മൂന്ന് സീറ്റുകളാണ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു സീറ്റ് നേടാൻ വേണ്ടത്ര ബലമേ കോൺഗ്രസിനുള്ളൂ, ആറു വോട്ടുകളാണ് അധികം. ഇത് ക്രോസ് വോട്ടിങ്ങിനു സാധ്യത കൂട്ടുന്നു. ദിഗ്‌വിജയ് സിങ് വീണ്ടും രാജ്യസഭയിലേക്കു മത്സരിക്കില്ലെന്ന് അറിയിച്ചതിനാൽ ശക്തനായ സ്ഥാനാർഥിയെ കണ്ടെത്തുകയാണ് കോൺഗ്രസിന്റെ വെല്ലുവിളി. മധ്യപ്രദേശിൽ ബിജെപി രണ്ട് സീറ്റുകൾ നേടുമെന്നാണു പ്രതീക്ഷ. കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഇവിടെ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.
Source link
