Site icon onlinekeralanews.com

കാട്ടാന ശല്യമുണ്ടാകില്ല, വനത്തിനോട് ചേർന്ന് ആദിവാസി കുടുംബങ്ങൾക്ക് രക്ഷയായി പുതിയ കൃഷി പദ്ധതി

വടക്കഞ്ചേരി: വന്യജീവി ഡിവിഷനിലെ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ മണിയൻകിണർ, കിഴക്കഞ്ചേരി ഒളകര എന്നീ ആദിവാസി ഉന്നതികളിലെ കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം ശക്തിപ്പെടുത്തുന്നതിനും മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കുന്നതിനുമായി ‘സുവർണ വനം’ എന്ന പേരിൽ മഞ്ഞൾ കൃഷി പദ്ധതി ആരംഭിച്ചു.

പദ്ധതിയുടെ ഭാഗമായി ഉന്നതികളിലെ 53 കുടുംബങ്ങൾക്ക് നാടൻ മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു. ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത കാർഷിക അറിവുകളെ പുനരുജ്ജീവിപ്പിച്ച് പ്രകൃതിയോട് ഇണങ്ങുന്ന സ്ഥിരതയാർന്ന ഉപജീവനരീതി വളർത്തുകയും പ്രദേശത്തെ കൃഷിഭൂമിയെ വന്യജീവി സംഘർഷത്തിൽ നിന്നും മോചിപ്പിക്കുകയും ചെയ്യുക എന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ ഉന്നതിയിലെ അംഗങ്ങൾക്ക് പദ്ധതിയിലൂടെ തൊഴിലവസരങ്ങളും ലഭ്യമാകുന്നു.

വന്യജീവികൾ അധികമായി നശിപ്പിക്കാത്ത വിളയായ മഞ്ഞൾ വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതു മൂലം വിള നശീകരണം കുറയും. കൃഷിയിടങ്ങൾ കാടുപിടിച്ചു കിടക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രദേശത്തെ വന്യജീവി സാന്നിദ്ധ്യം അറിയാനും സാധിക്കും. മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിലൂടെ വന്യജീവികൾ കാർഷികവിളകൾ നശിപ്പിക്കുന്നതു മൂലം സർക്കാരിന് ചിലവാക്കേണ്ടി വരുന്ന നഷ്ടപരിഹാരത്തുകയുടെ അളവ് കുറയ്ക്കുവാനും സാധിക്കും.

വിളവെടുക്കുന്ന മഞ്ഞൾ വനംവകുപ്പ് നേരിട്ട് ഗുണഭോക്താക്കളിൽ നിന്ന് വില നൽകി ശേഖരിക്കും. അവ സംസ്‌കരിച്ച് മൂല്യ വർദ്ധന ഉൽപ്പന്നമാക്കി മാറ്റി പീച്ചി വന്യജീവി വിഭാഗത്തിന്റെ സ്വന്തം ബ്രാൻഡ് ആയ ‘വന്യ’യിലൂടെ വിപണിയിൽ എത്തിക്കാനുമാണ് ഉദ്ദേശിക്കുന്നത്.

മണിയൻ കിണർ ഉന്നതിയിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി.ചാ ക്കോച്ചൻ മുഖ്യപ്രഭാഷണം നടത്തി. പീച്ചി വാഴാനി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ടി.എൻ.രാജേഷ്, വാണിയംപാറ ഏഴാം വാർഡ് മെംബർ സനിൽ, ഒളകര ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ബി.എസ്.ഭദ്രകുമാർ, എം.എ.വിജയൻ, കെ.മാധവി, എൻ.എ.റിന്റോ, വി.സുജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഇ.പി.പ്രതീഷ് എന്നിവർ സംസാരിച്ചു.


Source link
NEWS
Exit mobile version