Site icon onlinekeralanews.com

പ്രായമായവരിലെ രക്തസമ്മർദ്ദം കുറയ്ക്കാൻ ബീറ്റ്‌റൂട്ട് ജ്യൂസ്? പുതിയ പഠനം പറയുന്നത് ഇങ്ങനെ…


ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ് രക്തസമ്മർദ്ദം. പ്രത്യേകിച്ച് പ്രായമായവരിൽ. ഇത് പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങി വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ടെൻഷൻ, അമിതവണ്ണം, ഉറക്കക്കുറവ്, ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മർദ്ദം ഉണ്ടാകുന്നത്. ചിട്ടയായ ജീവിതശൈലിയും ഭക്ഷണ രീതിയും,വ്യായമവും വഴി രക്തസമ്മ‌ർദ്ദത്തെ നിയന്ത്രിക്കാനാകുമെന്ന് അറിയാത്തവരായി അധികമാരും ഉണ്ടാകില്ല.

എന്നാൽ പ്രായമായവരിലെ രക്തസമ്മർദ്ദം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതുവഴി കുറയ്ക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് എക്സെറ്റർ നടത്തിയ പഠനത്തിലാണ് നിർണായക കണ്ടെത്തൽ. നൈട്രേറ്റ് അടങ്ങിയ ബീറ്റ്‌റൂട്ട് ജ്യൂസ് തുടർച്ചയായി കുടിച്ച പ്രായമായവരിൽ രക്തസമ്മർദ്ദം കുറഞ്ഞതായാണ് പഠനത്തിന്റെ കണ്ടെത്തൽ. എന്നാൽ യുവാക്കളിൽ അതായത് 30 വയസ്സിന് താഴെയുള്ളവരിൽ ഇത് കാര്യമായ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.


ബീറ്റ്‌റൂട്ടിൽ നൈട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിനുള്ളിൽ എത്തുമ്പോൾ ‘നൈട്രിക് ഓക്സൈഡ്’ ആയി മാറുന്നു.ഇത് രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കും. പ്രായമാകുമ്പോൾ ശരീരത്തിൽ സ്വാഭാവികമായി നൈട്രിക് ഓക്സൈഡ് ഉൽപ്പാദനം കുറയുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതുവഴി ഈ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.


വായയ്ക്കുള്ളിലുള്ള ചില നല്ല ബാക്ടീരിയകളാണ് നൈട്രേറ്റുകളെ നൈട്രിക് ഓക്സൈഡാക്കി മാറ്റുന്നത്. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി വായയിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും നൈട്രിക് ഓക്സൈഡ് ഉണ്ടാക്കാൻ സഹായിക്കുന്ന നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും ചെയ്യുന്നതായി പഠനത്തിൽ കണ്ടെത്തി. ഇനി ബീറ്റ്‌റൂട്ടിന്റെ രുചി ഇഷ്ടമല്ലാത്തവ‌ക്ക് നൈട്രേറ്റ് ധാരാളമായി അടങ്ങിയ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താമെന്നും പഠനത്തിൽ വിദ്ഗധർ വ്യക്തമാക്കുന്നുണ്ട്.


Source link
Exit mobile version