കണ്ണുനിറഞ്ഞിട്ട് കാണാൻ വയ്യല്ലോ: സഹോദരിക്ക് വിവാഹവാർഷികത്തിൽ വമ്പൻ സർപ്രൈസ് ഒരുക്കി സഹോദരന്മാർ

കൂടെപ്പിറപ്പുകൾ തമ്മിലുള്ള സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നും ഭൂമിയിലില്ല. പരസ്പരം അങ്ങേയറ്റം സ്നേഹിക്കുന്ന സഹോദരങ്ങൾ കൂടെയുണ്ടെങ്കിൽ ഏതൊരു സ്വപ്നവും യാഥാർഥ്യമാകും. ലുഥിയാന സ്വദേശികളായ രണ്ട് സഹോദരന്മാർ തങ്ങളുടെ പ്രിയപ്പെട്ട സഹോദരിയോടുള്ള അതിരില്ലാത്ത സ്നേഹം പ്രകടിപ്പിക്കാൻ കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. സഹോദരിയുടെ വിവാഹ വാർഷിക ദിനത്തിൽ സർപ്രൈസായി ഒരു വീട് സമ്മാനം നൽകിയിരിക്കുകയാണ് ഇവർ.അമർ ദേവ്ഗൺ, ദേവ് ദേവ്ഗൺ എന്നീ സഹോദരന്മാരാണ് തങ്ങളുടെ ഏക സഹോദരിയായ മൻപ്രീത് കൗറിന് വേണ്ടി ഈ വലിയ സമ്മാനം ഒരുക്കിയത്. വീടിനു മുന്നിൽ ആദ്യമായി വന്നു നിൽക്കുമ്പോഴും അത് തനിക്കുള്ള സമ്മാനമാണെന്ന് മൻപ്രീത് കരുതിയതേയില്ല. ഒടുവിൽ വീടിന്റെ നെയിം പ്ലേറ്റ് അനാവരണം ചെയ്തപ്പോൾ മാത്രമാണ് തന്റെയും ഭർത്താവിന്റെയും പേര് അതിൽ ആലേഖനം ചെയ്തിരിക്കുന്നത് കണ്ടത്. ഇത് വിശ്വസിക്കാനാവാതെ മൻപ്രീത് പൊട്ടിക്കരയുകയായിരുന്നു. 2007 ൽ ഇവരുടെ പിതാവ് മരണപ്പെട്ടിരുന്നു. അതിനുശേഷം തങ്ങളുടെ കുടുംബത്തിനുവേണ്ടി എന്നും നിലകൊള്ളുകയും ഒട്ടേറെ ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത സഹോദരിക്ക് ഉചിതമായ ഒരു സമ്മാനം നൽകണമെന്ന ആഗ്രഹത്തെ തുടർന്നാണ് അമറും ദേവും വീട് നിർമിക്കാൻ ഇറങ്ങിത്തിരിച്ചത്.സഹോദരിക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്നത് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു എന്ന് ഇരുവരും പറയുന്നു. ഒരു വീട് തന്നെ നിർമിച്ചു നൽകാമെന്ന് ചിന്തിച്ചെങ്കിലും അത് ഒരാൾക്ക് ഒറ്റയ്ക്ക് സാധ്യമാകുന്ന കാര്യമായിരുന്നില്ല. അങ്ങനെയാണ് ഇരുവരും ചേർന്ന് വീടൊരുക്കാൻ ഇറങ്ങിത്തിരിച്ചത്.ഓരോ ചുവടുകളായി മുന്നോട്ടുവച്ചപ്പോഴേക്കും മാതാപിതാക്കളും മറ്റു ബന്ധുക്കളും ഇവരുടെ ആഗ്രഹത്തിനൊപ്പം എല്ലാ പിന്തുണയുമേകി കൂടെക്കൂടി. അങ്ങനെ മൻപ്രീതിന്റെ പേരിൽ അമ്പതുലക്ഷത്തിന്റെ ഒരു വീട് പൂർത്തിയായി. 1575 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് സഹോദരന്മാർ ഒരുക്കിയത്. ഈ മനോഹരമായ നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സഹോദരന്മാരെ മനസ്സുനിറഞ്ഞ് അഭിനന്ദിച്ചുകൊണ്ടാണ് ധാരാളം ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. സഹോദരബന്ധം എന്നാൽ ഇങ്ങനെയാവണം എന്ന് പറയുന്നവർ ഏറെയാണ്. മൻപ്രീത് എത്രത്തോളം ഭാഗ്യവതിയാണെന്ന് മറ്റു ചിലർ കുറിക്കുന്നു. ഇത് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും പരസ്പരം നിസ്സാര കാര്യങ്ങൾക്ക് പോലും കലഹിക്കുന്ന സഹോദരങ്ങൾ ഇവരെ മാതൃകയാക്കണമെന്നുമാണ് മറ്റൊരു കമന്റ്.
Source link
CINEMA
CINEMA
