സർവീസിന്റെ ക്ലൈമാക്സിൽ അപൂർവ ട്വിസ്റ്റ്; വിരമിക്കുന്നതിനു തൊട്ടുമുൻപ് പ്രമോഷനും സ്ഥലംമാറ്റ ഉത്തരവും

പെരിയ ∙ ഔദ്യോഗിക ജീവിതത്തിന്റെ ക്ലൈമാക്സിൽ ടി.എസ്.സതീഷ്കുമാറിന് വിധി കാത്തുവച്ചത് അപൂർവ ട്വിസ്റ്റ്! ഇന്നലെ രാവിലെ പ്രമോഷൻ ഉത്തരവിനൊപ്പം സ്ഥലംമാറ്റ ഉത്തരവും കൈപ്പറ്റിയ സതീഷ്കുമാർ പുതിയ ഓഫിസിൽ ചുമതലയേറ്റ് മണിക്കൂറുകൾക്കകം സർവീസിൽനിന്നു വിരമിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പെരിയയിലെ കാസർകോട് ഗവ.പോളിടെക്നിക് കോളജിൽ സൂപ്രണ്ടായിരുന്ന മാലോം വള്ളിക്കടവിലെ ടി.എസ്.സതീഷ്കുമാറിനാണ് ഇന്നലെ രാവിലെ 7 മണിക്ക് ഇ–ഓഫിസ് മുഖേന സീനിയർ സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ചത്. ഒപ്പം തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളജിലേക്ക് സ്ഥലംമാറ്റവും.ഞായറാഴ്ച അവധിദിനമായതിനാൽ, സതീഷ്കുമാറിനു ചുമതലയേൽക്കാൻമാത്രം തൃക്കരിപ്പൂർ ഗവ.പോളിടെക്നിക് കോളജ് തുറന്നു പ്രവർത്തിപ്പിച്ചു. രാവിലെ സീനിയർ സൂപ്രണ്ടിന്റെ തസ്തികയിലിരുന്നു മണിക്കൂറുകൾക്കകം വിരമിച്ചു. സ്ഥാനക്കയറ്റ നടപടികൾ ഒരുമാസം മുൻപേ പൂർത്തിയായെങ്കിലും സംസ്ഥാനത്തെ ഭരണമാറ്റം കാരണമാണ് ഉത്തരവിറങ്ങാൻ വൈകിയതെന്നു സതീഷ്കുമാർ പറഞ്ഞു.
Source link
