എൽപിജി വില വീണ്ടും കൂടി; സിലിണ്ടറിന് 42 രൂപയുടെ വർധന, തിരിച്ചടി ഹോട്ടൽ ഭക്ഷണത്തിനും

രാജ്യത്ത് വീണ്ടും പാചക വാതക വില വർധന. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ചു. ഈ സിലിണ്ടറിന് 3113 രൂപയാണ് ഡൽഹിയിൽ നൽകേണ്ടത്. കൊച്ചിയിൽ 3131 രൂപയും നൽകണം. ഈ വർഷത്തിന്റെ തുടക്കത്തിൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 1698 രൂപയായിരുന്നു വില. കുറഞ്ഞ സമയത്തിനുള്ളിൽ വർധിച്ചത് 1433 രൂപ. ഇറാൻ – യുഎസ് യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസ്സവുമാണ് വില കൂടാനുള്ള പ്രധാന കാരണം. അഞ്ചു കിലോ തൂക്കമുള്ള ഫ്രീട്രേഡ് (എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും വർധനയുണ്ട്. സിലിണ്ടറിന് 11 രൂപയാണ് കൂട്ടിയത്. 821.50 രൂപയാണ് ഡൽഹിയിലെ പുതുക്കിയ വില. അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വില വർധിപ്പിച്ചിട്ടില്ല. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ വാണിജ്യ സിലിണ്ടർ വില 993 രൂപ വർധിച്ചിരുന്നു. ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. ഫെബ്രുവരിയിൽ വാണിജ്യ സിലിണ്ടറിന് 49 രൂപയും ജനുവരി 1ന് 111 രൂപയും മാർച്ച് 1ന് 31 രൂപയും മാർച്ച് 7ന് 115 രൂപയുമാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചത് ഹോട്ടലുകൾ അടക്കമുള്ള വ്യവസായങ്ങളെ സാരമായി ബാധിക്കുന്ന ആശങ്കയും ശക്തമാണ്. ഹോട്ടൽ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ചെലവ് കൂടുമെന്നതിനാൽ ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാനും ഹോട്ടലുകാർ നിർബന്ധിതരായേക്കും.
Source link
