Site icon onlinekeralanews.com

ലക്ഷ്യം സ്‌കൂള്‍ കുട്ടികള്‍, മുന്നിട്ടിറങ്ങി നഗരസഭ; പിടികൂടിയത് ചാക്ക് കണക്കിന് നിരോധിത ലഹരി

തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ ലഹരി വസ്തുക്കളുടെ വിപണനം തടയാന്‍ നഗരസഭ മുന്നിട്ടിറങ്ങി. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച മാരക രാസ പദാര്‍ത്ഥങ്ങളടങ്ങിയ ലഹരി വസ്തുക്കളാണ് നഗരസഭ മേയര്‍ വി.വി. രാജേഷിന്റെയും ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്റെയും നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 9 മണിയോടെ മെഡിക്കല്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് പോലീസിന്റെ സഹായത്തോടെയാണ് ഡ്രൈവ് ആരംഭിച്ചത്. മെഡിക്കല്‍ കോളേജ്, ഇളങ്കാവ്, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം പ്രദേശങ്ങളില്‍ നിന്നായി 5 ചാക്ക് ലഹരി ഉത്പന്നങ്ങളാണ് പിടികൂടി നശിപ്പിച്ചത്.

ഇവ സൂക്ഷിച്ചിരുന്ന മുപ്പത് ബങ്കുകളും തട്ടുകടകളും പൊളിച്ചു നീക്കം ചെയ്തു നഗരസഭയുടെ വാഹനങ്ങളിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജ് സബ് ഇന്‍സ്‌പെക്ടര്‍ റഹിം, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിനോജ്, അനില്‍, സജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പല ബങ്കുകളുടെയും മുകളില്‍ ലോട്ടറി വില്പനയെന്ന വ്യാജേനയാണ് ലഹരി വസ്തുക്കള്‍ വിറ്റിരുന്നത്. ഇവ പരിശോധിച്ചപ്പോള്‍ മാസങ്ങള്‍ക്ക് മുമ്പുള്ള ലോട്ടറിയാണെന്ന് കണ്ടെത്തി.

വന്റാക്കറ്റാണ് ലഹരി വില്പനയുടെ പിന്നിലുള്ളതെന്ന് മേയര്‍ വി.വി. രാജേഷും ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണനും പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ ലഹരി വസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന് നഗരത്തിലെ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ബങ്കുകടകളില്‍ എത്തിച്ച് 18 വയസില്‍ താഴെയുള്ള അന്യസംസ്ഥാനക്കാരെ ഇരുത്തി 1000 രൂപവീതം ശമ്പളം നല്‍കിയാണ് വില്പന നടത്തുന്നത്. ലഹരിക്കെതിരായ പ്രവര്‍ത്തനം ഹെല്‍ത്ത് സര്‍ക്കിള്‍ അടിസ്ഥാനത്തില്‍ പോലീസിന്റെ സഹായത്തോടെ തുടരുമെന്നും അറിയിച്ചു.


Source link
NEWS
Exit mobile version