അഭിഷേക് ബാനർജിയെ ആക്രമിച്ച പ്രതികൾക്ക് തൃണമൂൽ എംഎൽഎയുമായി ബന്ധം? ആരോപണവുമായി ബിജെപി

കൊൽക്കത്ത∙ പശ്ചിമബംഗാളിൽ അഭിഷേക് ബാനർജിയെ ആക്രമിച്ച കേസിലെ പ്രതികൾക്ക് തൃണമൂൽ നേതാവ് ലവ്‌ലി മൈത്രയുമായി അടുത്ത ബന്ധമെന്ന് ആരോപണം. പ്രതികൾ തൃണമൂൽ പ്രവർത്തകർ തന്നെയാണെന്നു ബിജെപി നേതാവ് സുകന്ത മജുംദാർ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജിക്കുനേരെ ശനിയാഴ്ചയാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. സാത്ത് 24 പർഗനാസ് ജില്ലയിലെ സോനാർപുരിൽ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ 7 പേർ പിടിയിലായിരുന്നു. ഇതിൽ തപൻ മെയ്തി, നിർമാല്യ സെൻഗുപ്ത എന്നിവർ ലവ്‌ലിയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണെന്നാണ് വിവരം. ഇതുകൂടാതെ കാജൽ ദാസ്, ദേബാശിഷ് ദത്ത എന്നിവർക്കും മൈത്രയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.‘പ്രതികൾ ടിഎംസി പ്രവർത്തകർ തന്നെയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവർ ലവ്‌ലി മൈത്രയുടെ അടുപ്പക്കാരാണ്. പൊലീസ് അന്വേഷിച്ചു കണ്ടെത്തട്ടെ’– സുകന്ത മജുംദാർ പറഞ്ഞു. അതേസമയം, ആരോപണം ലവ്‌ലി മൈത്ര നിഷേധിച്ചിട്ടുണ്ട്. ഏതാനും സ്ത്രീകളും ആക്രമണത്തിൽ പങ്കാളികളാണെന്നും അവർ ബിജെപി പ്രവർത്തകരാണെന്നും മൈത്ര പറഞ്ഞു. ബിജെപിയാണ് ആക്രമണത്തിനു പിന്നിലെന്ന് അഭിഷേക് ബാനർജിയും ആവർത്തിച്ചു. സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ പൊലീസ്, കൊൽക്കത്ത പൊലീസ്, കൊൽക്കത്ത മുൻസിപ്പാലിറ്റി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയവർ തന്നെ ആക്രമിക്കുകയാണെന്നും അഭിഷേക് ബാനർജി പറഞ്ഞു.
Source link
