ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അപകടം: ആറ് മരണം – ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി∙ ഡൽഹിയിലെ സാകേത് മെട്രോ സ്റ്റേഷനു സമീപം നാലുനിലക്കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. പത്തിലേറെപ്പേർക്ക് പരുക്കേറ്റു. തെക്കൻ ഡൽഹിയിലെ സൈദുലാജാബിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടമുണ്ടായത്. കെട്ടിടം തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെത്തിച്ചത്. ഹൈഡ്രോളിക് കട്ടറുകൾ, സ്നിഫർ ഡോഗുകൾ, അത്യാധുനിക ക്യാമറകൾ എന്നിവ ഉപയോഗിച്ചായിരുന്നു തിരച്ചിൽ. പരുക്കേറ്റവരെ എയിംസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കോച്ചിങ് സെന്റർ പ്രവർത്തിച്ചിരുന്നതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മുകളിലത്തെ നിലകളുടെ നിർമാണം നടന്നുവരുകയായിരുന്നു. കുടുങ്ങിയവർ വിദ്യാർഥികളാണോയെന്ന് സംശയമുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Source link
