Site icon onlinekeralanews.com

പാലക്കാട് വിമാനത്താവളം വരും, നിരവധി മൾട്ടി നാഷണൽ കമ്പനികൾ എത്തുമെന്നും വി കെ ശ്രീകണ്ഠൻ എം പി

പാലക്കാട്: ജില്ലയിൽ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന് പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ. കേന്ദ്രം സാദ്ധ്യതാ പഠനത്തിനായി ഉത്തരവിട്ടുവെന്നും അദ്ദേഹം അറിയിച്ചു. ഒരു മാദ്ധ്യമത്തോടായിരുന്നു പ്രതികരണം.

‘പാലക്കാട് അന്താരാഷ്ട്ര വിമാനത്താവളം വരും. അതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞവർഷം ലോക്‌സഭയിൽ സബ്‌മിഷൻ അവതരിപ്പിച്ചിരുന്നു. പിന്നീട് കേന്ദ്ര മന്ത്രിയെക്കണ്ട് സംസാരിക്കുകയും ചെയ്തു. കാര്യങ്ങൾ വിലയിരുത്തി. പാലക്കാടിന്റെ വികസനത്തിന് വലിയ സാദ്ധ്യതകളാണ് വരാൻ പോകുന്നത്. പാലക്കാട് വ്യാവസായിക ഇടനാഴി വരും. പാലക്കാട് പുതുശേരിയിലായിരിക്കും ഇത് നിർമിക്കുക. പതിനായിരം കോടി മുതൽമുടക്കിൽ നിർമിക്കുന്ന വലിയൊരു സംരംഭമാണിത്. സ്‌മാർട്ട് സിറ്റിയായി മാറും. മാത്രമല്ല, കേരളത്തിൽ നിരവധി മൾട്ടി നാഷണൽ കമ്പനികൾ വരും. അൻപതിനായിരത്തിലധികം യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന സംരംഭമാണിത്.

മൾട്ടി നാഷണൽ കമ്പനികൾ വരുമ്പോൾ കയറ്റുമതിയും ഇറക്കുമതിയും വർദ്ധിക്കും. വ്യവസായപരമായും തൊഴിൽപരമായും പ്രവാസികൾ ധാരാളമുള്ള ജില്ലയെന്ന നിലയ്ക്കും ഇപ്പോൾ ജില്ലയിലെ പ്രധാന ആവശ്യം അന്താരാഷ്ട്ര വിമാനത്താവളമാണ്. ഇക്കാര്യം ആദ്യം ലോക്‌സഭയിൽ പറഞ്ഞപ്പോൾ പലരും കളിയാക്കി. കെ കരുണാകരൻ പണ്ട് നെടുമ്പാശേരി വിമാനത്താവളത്തിനായി ആവശ്യമുന്നയിച്ചപ്പോൾ അതിനെ കളിയാക്കിയവരും വിമർശിച്ചവരും പിന്നീട് അവിടത്തെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷമായി പദ്ധതിയുടെ പിന്നാലെയാണ്. ഇപ്പോൾ വലിയ പ്രതീക്ഷയിലാണ്’- വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി.


Source link
NEWS
Exit mobile version