Site icon onlinekeralanews.com

ഇരട്ടി വേതനം ആവശ്യപ്പെട്ട് അതിഥിത്തൊഴിലാളികൾ; മേസ്തിരിക്ക് 1500 രൂപ, സഹായിക്ക് 1200 രൂപ: പ്രതിസന്ധി


പിറവം ∙ അതിഥിത്തൊഴിലാളികളുടെ വേതന നിരക്കിൽ നിയന്ത്രണമില്ലാതായതോടെ നിർ‌മാണ, കൃഷി മേഖലകൾ പ്രതിസന്ധിയിലേക്ക്. നാട്ടിൽ തൊഴിലാളികൾക്കു ക്ഷാമമായതോടെ നാളുകളായി അതിഥിത്തൊഴിലാളികളെ ആശ്രയിച്ചാണു നിർമാണ മേഖലയും കൃഷി മേഖലയും മുന്നോട്ടു പോയിരുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിർമാണ മേഖലയ്ക്കു പുറമേ പൈനാപ്പിൾ കൃഷിയിലും നെൽ കൃഷിയിലുമായിരുന്നു കൂടുതലായി അതിഥിത്തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. തൊഴിൽ വകുപ്പ് നിശ്ചയിച്ചിരുന്ന നിരക്കിനനുസരിച്ചു നിർമാണ മേഖലയിൽ മേസ്തിരിക്കു 1000 രൂപയും സഹായിക്കു 840 രൂപയുമാണു നൽകേണ്ടത്. എന്നാൽ ഇതിലും ഉയർന്ന നിരക്കാണു നാളുകളായി നൽകുന്നതെന്നാണു ചെറുകിട കരാറുകാർ പറയുന്നത്.തിരഞ്ഞെടുപ്പിനു മുന്നോടിയായി പല തൊഴിലാളികളും സ്വന്തം നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവർ മടങ്ങി എത്താൻ വൈകുന്നതോടെ ശേഷിക്കുന്നവർ നേരത്തെ ഉണ്ടായിരുന്നതിന്റെ ഇരട്ടി കൂലിയാണ് ആവശ്യപ്പെടുന്നത്. അതിഥിത്തൊഴിലാളികളെ നൽകുന്നതിനും കരാറുകാർ രംഗത്തുണ്ട്. ഇദ്ദേഹമാണ് ഓരോരുത്തർക്കും തൊഴിലിടം വേർതിരിച്ചു നൽകുന്നത്. പ്രതിഫലമായി 100 രൂപ ഓരോരുത്തരിൽ നിന്നു കൈപ്പറ്റും. തൊഴിലാളികളെ പ്രലോഭിപ്പിച്ചു വേതനം നിരക്ക് ഉയർത്തുന്നതും കരാറുകാരാണെന്നാണ് ആക്ഷേപം. മേസ്തിരിക്കു 1500 രൂപ വരെയും സഹായിക്കു 1200 രൂപയുമാണ് ഇപ്പോൾ ആവശ്യപ്പെടുന്നത്.അധികൃതർ ഇടപെടണം പിറവം ∙ അതിഥിത്തൊഴിലാളികൾ കൂലി കുത്തനെ വർധിപ്പിക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യം. മുളന്തുരുത്തി പഞ്ചായത്ത് ഭരണസമിതി മാത്രമാണ് ഇതിനോടകം പ്രശ്നത്തിൽ ഇടപെട്ടത്. തൊഴിലാളി പ്രതിനിധികളും കരാറുകാരുമായി ഭരണസമിതി മുൻകൈ എടുത്തു നടത്തിയ ചർച്ചയിൽ‌ മുളന്തുരുത്തിയിൽ വേതന നിരക്കു ധാരണ ആയിട്ടുണ്ട്. കിഴക്കൻ മേഖലയിലെ മറ്റു പ‍ഞ്ചായത്തു ഭരണസമിതികളും തൊഴിൽ വകുപ്പും പ്രശ്നത്തിൽ ഇടപെടണമെന്നാണു കർഷകരും ചെറുകിട കരാറുകാരും ആവശ്യപ്പെടുന്നത്.


Source link
Exit mobile version