ശുചിമുറിയിൽ പ്രസവിച്ച ശേഷം വെന്റിലേഷനിലൂടെ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ 19 കാരിയായ അമ്മ

ഹരിപ്പാട് ∙ താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം വെന്റിലേഷനിലൂടെ ഉപേക്ഷിച്ച കുഞ്ഞിനെ ഏറ്റെടുക്കാൻ അമ്മ സന്നദ്ധത അറിയിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി കൗൺസലിങ് നടത്തിയപ്പോഴാണ് 19 വയസ്സുകാരി കുഞ്ഞിനെ ഏറ്റെടുത്ത് വളർത്താൻ തയാറാണെന്ന വിവരം പറഞ്ഞത്. എന്നാൽ ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടില്ലെന്നു ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ പറഞ്ഞു. അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞതിനെ തുടർന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറുന്നതിന് നടപടി സ്വീകരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലാണ് കുഞ്ഞ്. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് കൈമാറി. നാളെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്ത് ആലപ്പുഴയിലെ ശിശു പരിചരണ കേന്ദ്രത്തിലേക്കു മാറ്റും. 90 ദിവസം കുഞ്ഞിനെ ശിശുപരിചരണ കേന്ദ്രത്തിൽ പരിചരിക്കും. ഇൗ സമയത്ത് അമ്മയ്ക്ക് കുഞ്ഞുമായി യോജിച്ചു പോകാൻ പറ്റുമോ എന്നു പരിശോധിച്ച ശേഷമേ ചൈൽഡ് വെൽഫെയർ കമ്മിറ്റി കുഞ്ഞിനെ വിട്ടു നൽകുന്നതിൽ തീരുമാനം എടുക്കൂ.
Source link
