സംസ്ഥാനത്ത് മഴ ശക്തമായി; 31ന് 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം∙ ജൂൺ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപക മഴയ്ക്കു സാധ്യത. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. സംസ്ഥാനത്ത് മഴ ശക്തമായി. മിന്നലോടും ശക്തമായ കാറ്റോടും കൂടിയാകും മഴ. അടുത്ത 4–5 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ചില ഭാഗങ്ങളിൽ എത്തിച്ചേരുന്നതിന് അനുയോജ്യമായ സാഹചര്യം നിലനിൽക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് ആണ്. മോശം കാലാവസ്ഥയ്ക്കു സാധ്യതയുള്ളതിനാൽ ജൂൺ 3 വരെ മത്സ്യബന്ധനം പാടില്ല. കർണാടകതീരത്ത് മത്സ്യബന്ധനത്തിനു തടസ്സമില്ല.കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കാൻ കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കുക, ഡാമുകളുടെ സുരക്ഷയും മഴയുടെ ലഭ്യതയും നീരൊഴുക്കും ശാസ്ത്രീയമായി നിരീക്ഷിക്കുക, കേന്ദ്ര ജല കമ്മിഷനുമായും ഡാം സുരക്ഷാ അതോറിറ്റിയുമായും നിരന്തര ബന്ധം പുലർത്തുക, അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിനു മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നിവയും മുഖ്യമന്ത്രി നിർദേശിച്ചു.
Source link
