ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ, പൊലീസ് കൊലപാതകശ്രമക്കുറ്റം ചുമത്തിയതോടെ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് മുങ്ങി. എ.ഡി.തോമസിനെയും അജയ് ജ്യുവൽ കുര്യാക്കോസിനെയും മർദ്ദിച്ച കേസിലെ ഒന്നുംരണ്ടും പ്രതികളായ അനിൽകുമാറും സന്ദീപുമാണ് അറസ്റ്റ് ഭയന്ന് ഒളിവിൽ പോയത്. ജാമ്യംകിട്ടുന്ന വകുപ്പുകളാണ് നേരത്തേ ചുമത്തിയിരുന്നത്. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഹാജരായി ജാമ്യം നേടാനായിരുന്നു ഇരുവരുടെയും ശ്രമം. രാവിലെ കോടതി ഹർജി പരിഗണനയ്ക്കെടുത്തപ്പോഴാണ് പത്തു വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കൊലപാതകശ്രമം കൂടി ചുമത്തി അന്വേഷണസംഘം റിപ്പോർട്ട് സമർപ്പിച്ചത്. ജാമ്യം നിഷേധിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതിപരിസരത്ത് പൊലീസ് സജ്ജമായിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തിയതോടെ, പ്രതികളുടെ അഭിഭാഷകനായ ബി.ശിവദാസ് ഹർജി പിൻവലിച്ചു.
വൈകിട്ട് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ഇവർ സുരക്ഷിത താവളത്തിൽ അഭയം തേടിയെന്നാണ് വിവരം.
അനിൽകുമാറിനും സന്ദീപിനും ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികളായ ഷൈജു, വിപിൻ, അരുൺ എന്നിവരെയും ജാമ്യമെടുക്കാൻ ആലപ്പുഴയിലെത്തിക്കാനായിരുന്നു ധാരണ. ഇതാണ് പൊളിഞ്ഞത്.
ആലപ്പുഴ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐ.പി.സി 294 (ബി)(പരസ്യമായി തെറി വിളിക്കുക), 324 (ആയുധംകൊണ്ട് ലഘുവായി ആക്രമിക്കുക), 325 (കൈകൊണ്ട് ആക്രമിക്കുക) തുടങ്ങിയ വകുപ്പുകളായിരുന്നു നേരത്തെ ചുമത്തിയിരുന്നത്.
Source link
NEWS

