പ്രളയജലം, ചെളി, ഇരുട്ട്; സ്വർണം തേടിയെത്തിയവർ ലാവോസിലെ ഗുഹയിൽ കുടുങ്ങിയത് 10 ദിവസം; അദ്ഭുതരക്ഷ

വീയെന്റിയാൻ ∙ ചെളിയും പ്രളയജലവും നിറഞ്ഞ ഇടുങ്ങിയ ഗുഹയ്ക്കുള്ളിൽ, പേടിപ്പെടുത്തുന്ന ഇരുട്ടിൽ ആ അഞ്ചുപേർ തള്ളിനീക്കിയത് 10 ദിവസം. ഒടുവിൽ അദ്ഭുത രക്ഷ. തെക്കുകിഴക്കനേഷ്യൻ രാജ്യമായ ലാവോസിലെ സെൻട്രൽ സൈസോംബൂൺ പ്രവിശ്യയിലെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ ഏഴ് ഗ്രാമീണരിൽ 5 പേരെ രക്ഷാപ്രവർത്തകർ ശനിയാഴ്ച ജീവനോടെ പുറത്തെത്തിച്ചു. കാണാതായ രണ്ടുപേർക്കായി തിരച്ചിൽ തുടരുന്നു. സ്വർണവും അപൂർവധാതുക്കളും തേടി മേയ് 19,20 ദിവസങ്ങളിലായാണ് 8 ഗ്രാമീണർ ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചത്. എന്നാൽ ഇവർ ഗുഹയിൽ പ്രവേശിച്ചതിനു പിന്നാലെ കനത്ത മഴ തുടങ്ങി. തുടർന്ന് ഗുഹയ്ക്കുള്ളിൽ വെള്ളവും ചെളിയും മണലും അഴുക്കും നിറയുകയും ഗുഹയിൽനിന്ന് പുറത്തേക്ക് കടക്കാനുള്ള മാർഗം അടയുകയും ചെയ്തതോടെ ഏഴുപേര്‍ ഉള്ളിൽ കുടുങ്ങുകയുമായിരുന്നു. പ്രളയത്തിന്റെ തുടക്കത്തിൽത്തന്നെ ഗുഹയിൽനിന്ന് രക്ഷപ്പെട്ട എട്ടാമനാണ് മറ്റുള്ളവർ കുടുങ്ങിക്കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്.2018ൽ തായ്‌ലാൻഡിൽ ഗുഹയിൽ കുടുങ്ങിപ്പോയ 12 സ്കൂൾ കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും 17 ദിവസത്തിനുശേഷം പുറത്തെത്തിച്ച രക്ഷാപ്രവർത്തനത്തിന് സമാനമായിരുന്നു ലാവോസിലേതും. തായ്‌ലാൻഡ് ദൗത്യത്തിൽ പങ്കെടുത്ത രക്ഷാപ്രവർത്തകരിൽ ചിലർ ലാവോസ് ദൗത്യത്തിലും പങ്കാളിയായിട്ടുണ്ട്.
Source link
