സുരക്ഷാസംഘത്തിന്റെ ‘രക്ഷാപ്രവർത്തനം’: പ്രതികൾക്കെതിരെ നരഹത്യാശ്രമ കുറ്റം, കോടതിയിൽ റിപ്പോർട്ട് നൽകി

ആലപ്പുഴ ∙ പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച ആലപ്പുഴയിലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം മർദിച്ച കേസിൽ പ്രതികൾക്കെതിരെ നരഹത്യാശ്രമത്തിന് (ഐപിസി 308) കുറ്റം ചുമത്തി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് നൽകി. അസഭ്യം പറഞ്ഞതിനും ദേഹോപദ്രവം ഏൽപിച്ചതിനുമുള്ള വകുപ്പുകളാണു നേരത്തേ കേസിൽ ചുമത്തിയിരുന്നത്.പിണറായി വിജയന്റെ ഗൺമാനായിരുന്ന എസ്.അനിൽകുമാർ, അകമ്പടി സേനാംഗമായിരുന്ന എസ്.സന്ദീപ് എന്നിവരാണു കേസിലെ ആദ്യ രണ്ടു പ്രതികൾ. ഇവർ ജാമ്യാപേക്ഷ നൽകാൻ നീക്കം നടത്തുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു എം.പൗലോസ് ആലപ്പുഴ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകിയത്. അതോടെ മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകാനുള്ള നീക്കത്തിൽ നിന്നു പിൻമാറിയ ഇവർ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ഇവർ നേരത്തേ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്നു ചൂണ്ടിക്കാട്ടി ഹർജി തീർപ്പാക്കിയിരുന്നു. തുടർന്നാണ് ഇരുവരും മജിസ്ട്രേട്ട് കോടതിയിൽ നിന്നു ജാമ്യമെടുക്കാനുള്ള നീക്കം നടത്തിയത്.
Source link
